മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി; വെല്ലുവിളി കേട്ട് മൂക്കത്ത് വിരൽ വെച്ച് ജനം

ഒരു രാഷ്ട്രീയക്കാരനല്ലെങ്കിലും രാഷ്ട്രീയക്കാരെ വരുതിക്ക് നിർത്താൻ കഴിയുന്ന തന്ത്രശാലിയാണ് വെള്ളാപ്പള്ളി എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. മാറി മാറി വരുന്ന തെരഞ്ഞെടുപ്പുകളിൽ വെള്ളാപ്പള്ളിയുടെ ആശിർവാദത്തിനായി രാഷ്ട്രീയക്കാർ ഒന്നടങ്കം അദ്ദേഹത്തിൻ്റെ വീട് കയറിയിറങ്ങുന്ന കാഴ്ചകൾക്ക് ഇന്നും പഞ്ഞമില്ല. അങ്ങനെ ചെല്ലുന്നവരെ നിരാശപ്പെടുത്തിയ ചരിത്രം വെള്ളാപ്പള്ളിക്കുമില്ല. പക്ഷേ, ഈ അടുത്തയിടെ വെള്ളാപ്പള്ളി നടേശൻ സംസാരിക്കുന്നത് ആർക്കും അങ്ങോട്ട് അത്രയ്ക്ക് പിടി കിട്ടുന്നില്ല. സമുദായ സംഘടനാ ലോകത്ത് സ്വച്ഛന്ദമായി വിഹരിച്ചിരുന്ന സ്വന്തം മകനെ ഒരു പാർട്ടിയുണ്ടാക്കി ബിജെപി പാളയത്തിലേക്ക് പറഞ്ഞുവിട്ട വെള്ളാപ്പള്ളി തന്നെ ഇപ്പോൾ മകൻ മത്സരിച്ചാൽ കാലുവാരുമെന്നും ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്.

‘ഈ അച്ഛൻ എന്താ ഇങ്ങനെ’ എന്ന് തുഷാറും ഒരു നിമിഷം ചിന്തിച്ചുകാണും. എന്നാൽ രാഷ്ട്രീയ അന്തർനാടകങ്ങൾക്ക് ചരട് വലിക്കുന്ന വെള്ളാപ്പള്ളിയുടെ കുതന്ത്രങ്ങൾ കൃത്യമായി മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കൊ ഞങ്ങൾക്കുണ്ടെന്നാണ് ജനം പറയുന്നത്. തുഷാർ മത്സരിച്ചാൽ പ്രചാരണത്തിനിറങ്ങില്ലെന്ന് വെള്ളാപ്പള്ളി വിളിച്ച് പറഞ്ഞത് ആരെ സുഖിപ്പിക്കാനാണെന്നാണ് ചിലരുടെ ചോദ്യം. അങ്ങനെയല്ല, ഇത് അച്ഛനും മകനും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് മറ്റുചിലരുടെ പറച്ചിൽ. എന്തായാലും ലോകത്തിൻ്റെ ഏത് കോണിലിരുന്നും വെള്ളാപ്പള്ളി നടേശൻ വായ് തുറന്നാൽ മാധ്യമങ്ങൾക്ക് എന്നും അത് ചൂടുള്ള വാർത്തയാണ്.

മറ്റൊരു കാര്യം കൂടി വെള്ളാപ്പള്ളി ഇന്ന് പറഞ്ഞുവെച്ചത് ആലപ്പുഴയിലെ സ്ഥാനാർത്ഥിയെക്കുറിച്ചാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് പറയുമ്പോൾ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ആരിഫിന് വേണ്ടി വോട്ട് ചോദിക്കാതെ തന്നെ വിജയാശംസകൾ നേർന്നിരിക്കുകയാണ് സാക്ഷാൽ വെള്ളാപ്പള്ളി. ആലപ്പുഴയിൽ ആരിഫ് തോറ്റാൽ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്നാണ് വെള്ളാപ്പള്ളിയുടെ വെല്ലുവിളി. കേരളാ കോൺഗ്രസിലെ വിഴുപ്പലക്കൽ വാർത്തയെ പിന്തള്ളി വെള്ളാപ്പള്ളിയുടെ ഈ വെല്ലുവിളി ഇന്നത്തെ ചൂടുള്ള വാർത്തയായി മാറി. പക്ഷേ ഈ വെല്ലുവിളി കേട്ട് ചിലർ മൂക്കത്ത് വിരൽ വെച്ച് പോയി എന്നാണ് സംസാരം. വെള്ളാപ്പള്ളി തല മൊട്ടയടിക്കുന്നത് ഏങ്ങനെയെന്നാണ് ചിലർ ചോദിക്കുന്നത്. അദ്ദേഹത്തിൻ്റെ തലയിലേക്ക് നോക്കുന്നവർക്ക് മനസ്സിലാക്കാവുന്നതല്ലേ ഉള്ളുവെന്നാണ് ചിലർ അടക്കം പറയുന്നുണ്ട്. എന്തായാലും കുറച്ചുമുടിയെങ്കിലും വെള്ളാപ്പള്ളിയുടെ തലയിൽ അവശേഷിപ്പിക്കാൻ ആരിഫിനെ ദൈവം കാക്കുമാറാകട്ടെ.