അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.ബാബുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് വിജിലൻസ് കോടതി

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ മന്ത്രി കെ.ബാബു വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന കെ.ബാബുവിന്റെ ആവശ്യം  കോടതി തള്ളി. യാത്രാപ്പടി വരുമാനമായി കണക്കാക്കണമെന്ന ആവശ്യവും അംഗീകരിക്കാൻ കോടതി തയ്യാറായില്ല. 43 ശതമാനം സ്വത്ത് സമ്പാദിച്ചെന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം തള്ളിക്കളയാനാകില്ലെന്നും  അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെങ്കിൽ പ്രതിക്ക് വിചാരണയിലൂടെ തെളിയിക്കാമെന്നും കോടതി വ്യക്തമാക്കി.

2007 ജൂലായ് മുതൽ 2016 മേയ് വരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാണ് കെ.ബാബുവിനെതിരായ കേസ്. ഈ കാലയളവിൽ 49.45 ശതമാനം അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.  എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ കെ.ബാബുവിന് മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തൃപ്പൂണിത്തുറ പ്രതികരണ വേദിയാണ് കെ ബാബുവിനെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്കിയത്.