‘ശബരിമല’ പ്രചാരണ വിഷയമാക്കുന്നതിന് തടസ്സമില്ല; അയ്യപ്പൻ്റെ പേരിൽ വോട്ട് പിടിക്കില്ല’; ശ്രീധരൻപിള്ള

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പ്​ പ്രചാരണ വിഷയമാക്കുന്നതിൽ തടസമില്ലെന്ന്​ ​ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്​ ശ്രീധരൻപിള്ള. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം നടത്തും. എന്നാൽ അയ്യപ്പൻ്റെ പേരിൽ വോട്ട് പിടിക്കില്ലെന്ന് ശ്രീധരൻപിള്ള പറഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ്​ ഓഫീസർ ടിക്കാറാം മീണ വിളിച്ച സർവകക്ഷി യോഗത്തിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കു​ക്കയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ മുഖ്യതെരഞ്ഞെടുപ്പ്​ ഓഫീസറുമായി സംസാരിച്ച് വ്യക്​തത വരുത്തിയിട്ടുണ്ട്​. മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ വിഷയം ഉന്നയിക്കരുതെന്നാണ്​ ഓഫീസറുടെ നിർദേശം. ശബരിമല വിഷയം പ്രചാരണ വിഷയമാക്കുന്നതിലെ പരിമിതിയെക്കുറിച്ച് ബിജെപിക്കു നല്ല ബോധ്യമുണ്ടെന്നും സംതൃപ്തിയോടെയാണ് യോഗത്തില്‍ പങ്കെടുത്തു മടങ്ങുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.​ അതേസമയം, ​ശബരിമല പ്രശ്നം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുമെന്ന്​ ബി.ജെ.പി നേതാവ്​ കുമ്മനം രാജശേഖരൻ നിലപാട് ആവർത്തിച്ചു. ശബരിമല പ്രചാരണ വിഷയമാക്കിയില്ലെങ്കിൽ കൂടി എല്ലാവരുടെയും മനസിൽ ശബരിമലയുണ്ടാകുമെന്നും കുമ്മനം പറഞ്ഞു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം ജാതീയമോ സാമുദായികമോ ആയ വികാരങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് തേടുന്നതിന് വിലക്കുണ്ട്. ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനും പാടില്ല. ആരാധനാലയങ്ങളുള്ള സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പിന് പ്രസംഗം, പോസ്റ്ററുകള്‍ എന്നിവ പാടില്ലെന്നും പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാക്കുന്നു.