കരമനയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഇന്നലെ തിരുവന്തപരം നഗരത്തിൽ നിന്നും തട്ടിക്കൊണ്ടു പോയ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കരമനയിലെ ഒരു ബൈക്ക് ഷോറൂമിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയിത്. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെയാണ് തട്ടിക്കൊണ്ടു പോയതിന് പിറ്റേദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരമാണ് അനന്തുവിനെ കരമനയിലെ തളിയിൽ അരശുമൂട് നിന്നും തട്ടിക്കൊണ്ടുപോയത്. ബൈക്കില്‍ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ കാറിലെത്തിയ രണ്ടംഗ സംഘം കടത്തി കൊണ്ടുപോവുകയായിരുന്നു. അനന്തുവിൻ്റെ ഫോണിലേക്ക് മറ്റൊരു സുഹൃത്ത് വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്തുവും മറ്റൊരു സംഘവും തമ്മിൽ  തർക്കമുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ച പ്രശ്നമെന്നാണ് പോലീസ് നിഗമനം.

അതേസമയം യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കോരി സഞ്ജയ് കുമാര്‍ ഗരുഡിന്‍ പറഞ്ഞു. അനന്തുവിനെ കാണാതായത്  മുതല്‍ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നതായി കമ്മീഷണര്‍ വ്യക്തമാക്കി. അനന്തു ഗിരീഷിന്‍റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റത്തിന്‍റെ പാടുകള്‍ ഉള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടു കൈയിലേയും ഞരമ്പുകൾ മുറിഞ്ഞ നിലയിലാണ്.