ഇന്ത്യ-ഓസീസ് കലാശപ്പോരാട്ടം ഇന്ന്; ഇരു ടീമുകൾക്കും നിർണായകം

ഡൽഹി: ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് ഡൽഹി ഫിറോസ്ഷാ കോട്‌ലാ സ്റ്റേഡിയത്തിൽ നടക്കും. ഓസീസിന് മുന്നിൽ തുടർച്ചയായ രണ്ട് തോൽവികൾ വഴങ്ങിയ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കണമെങ്കിൽ ഈ വിജയം സ്വന്തമാക്കിയേ തീരൂ. ലോകകപ്പിന് മുമ്പ് പരീക്ഷണ മത്സരങ്ങൾക്ക് അവസരമില്ലാത്തതിനാൽ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നുമില്ല. ആദ്യ രണ്ട് ഏകദിനങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കി പരമ്പരിയിൽ 2-0 ന് ലീഡ് ചെയ്തപ്പോൾ ടീമും ആരാധകരും ഒരു പോലെ ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ ആപ്രതീക്ഷിതമായി മൂന്നാം മത്സരത്തിലുണ്ടായ തോൽവി ഇന്ത്യയുടെ ആത്മധൈര്യം കെടുത്തിക്കളഞ്ഞു. അതിൻ്റെ പ്രതിഫലനം നാലാം മത്സരത്തിലുമുണ്ടായി.

മൊഹാലിയിൽ 358 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയ ഇന്ത്യ വിജയം വലിയ പ്രതീക്ഷയോടെയാണ് ഓസീസിനെതിരെ പന്തെറിഞ്ഞത്. എന്നാൽ പ്രതീക്ഷകളെ അസ്ഥാനത്താക്കി കങ്കാരുകൾ ഇന്ത്യ ഉയർത്തിയ സ്കോർ മല നിഷ്പ്രയാസം മറികടന്നു. ആരാധകരെയും താരങ്ങളെയും ഞെട്ടിച്ച് നാലാം ഏകദിനത്തിലും ആധികാരിക വിജയം സ്വന്തമാക്കിയ ഓസീസിനും ഈ മത്സരം നിർണായകമാണ്. പരമ്പരയിൽ 2-2 എന്ന നിലയിലാണ് ഇരു ടീമുകളും. അതിനാൽ തന്നെ വിജയം മാത്രം ലക്ഷ്യം കണ്ടാണ് ഇരു കൂട്ടരും ഇന്ന് കളത്തിലിറങ്ങുന്നത്. സെഞ്ച്വറി നേടിയ ശിഖർ ധവാനും 95 റൺസെടുത്ത രോഹിത് ശർമ്മയും ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യയുടെ ആശ്വാസം. അവസാന രണ്ട് കളിയും ജയിച്ച കരുത്തിലാണ് ഓസ്ട്രേലിയ ഇന്നിറങ്ങുന്നത്.

അവസാന ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ:

മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ ശീഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയായിരിക്കും ഓപണിംഗ് ബാറ്റ്സ്മാൻമാർ.  ധവാനും രോഹിത്തും ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസം പകരുന്ന കാര്യമാണ്. വണ്‍ ഡൗണായി കഴിഞ്ഞ മത്സരത്തിലേതുപോലെ കെ എല്‍ രാഹുലിന് ഒരിക്കൽ കൂടി അവസരം ലഭിച്ചേക്കും. അതേസമയം അംബാട്ടി റായിഡുവിനെ ഇത്തവണയും കളത്തിലിറക്കില്ല. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെ എത്തും. അഞ്ചാമനായി ഋഷഭ് പന്തും ആറാമനായി കേദാര്‍ ജാദവും ഗ്രൗണ്ടിലിറങ്ങും. ഏഴാം നമ്പറിൽ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറും ക്രീസിലെത്തും. മൊഹാലിയെ അപേക്ഷിച്ച് ഫിറോസ്ഷാ കോട്ല സ്പിന്നര്‍മാരെ തുണക്കുമെന്നതിനാല്‍ എട്ടാമതായി രവീന്ദ്ര ജഡേജയോ യുസ്‌വേന്ദ്ര ചാഹലോ കളത്തിലിറങ്ങും. കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും ടീമിൽ തുടരുമ്പോള്‍ ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമി തിരികെയെത്താനുള്ള സാധ്യതയുമുണ്ട്.