പി.ജെ ജോസഫ് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി; പാർട്ടിയിൽ നിന്നും നീതി കിട്ടിയില്ലെന്ന് ജോസഫ്

തിരുവനന്തപുരം: കോട്ടയത്തെ ലോക്‌സഭാ സീറ്റിനെ ചൊല്ലി കേരളകോണ്‍ഗ്രസ് (എം)ൽ ഉടലെടുത്ത പ്രതിസന്ധി തുടരുന്നു. പ്രശ്നപരിഹാരത്തിനായി പാർട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫും മോന്‍സ് ജോസഫും ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ജഗതിയിലുള്ള ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. അതിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും പി.ജെ ജോസഫ് ചർച്ച നടത്തി. പ്രശ്നങ്ങള്‍ യു.ഡി.എഫ് നേതൃത്വം കൂടിയാലോചിച്ച് പരിഹരിക്കുമെന്ന് ജോസഫ് പ്രതികരിച്ചു. പാർട്ടിയിൽ നിന്നും നീതി കിട്ടിയില്ലെന്നും യു.ഡി.എഫ് വിഷയത്തിൽ ഇടപെടണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
അതേസമയം മാണിയുമായി ഇടഞ്ഞു നില്‍ക്കുന്ന പി.ജെ ജോസഫ് യു.ഡി.എഫ് വിട്ടു പോകാതിരിക്കാനുള്ള തിരക്കിട്ട ശ്രമം കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നുണ്ട്. പാര്‍ട്ടി വിട്ടു പോകുകയോ പിളര്‍ത്തുകയോ ചെയ്താൽ പി.ജെ ജോസഫിന്റെ നിയമ സഭാംഗത്വത്തെ അത് ബാധിക്കും. കൂറുമാറ്റ നിയമ പ്രകാരം എം.എല്‍.എ സ്ഥാനം നഷ്ടപ്പെടുമെന്നുള്ളതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു കൊണ്ട് പോരാടാനാണ് ജോസഫിന്റെ തീരുമാനം. അല്ലാത്ത പക്ഷം അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ ജോസഫിന് കാര്യങ്ങള്‍ എളുപ്പമാകും. അമര്‍ഷമുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ വിള്ളല്‍ വീഴ്ത്താതെ കോൺഗ്രസില്‍ നിന്നും ഇടുക്കി സീറ്റ് വാങ്ങിയെടുക്കാനുള്ള ശ്രമവും ജോസഫ് വിഭാഗം നടത്തുന്നുണ്ട്. ജോസഫിന് വിജയ സാദ്ധ്യതയും ആത്മ വിശ്വാസവുമുള്ള മണ്ഢലമാണ് ഇടുക്കി. എന്നാല്‍ കോൺഗ്രസ് വിജയിക്കുമെന്ന് ഉറപ്പുള്ള ഇടുക്കി സീറ്റ് കെ.എം.മാണിയുടെ പിടിവാശിക്കുമുന്നില്‍ അടിയറവയ്ക്കാന്‍ കോൺഗ്രസും കൂട്ടാക്കില്ല.
ഇതിനിടയിൽ കേരള കോൺഗ്രസ് (എം) ഔദ്യോഗിക സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടൻ കോട്ടയത്ത് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍,കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉള്‍പ്പെടെയുള്ളവരുമായി തോമസ് ചാഴിക്കാടൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ മഠങ്ങളും അരമനയും അദ്കദേഹം സന്ദർശിച്ചു. ക്‌നാനായ സഭാംഗമായ തോമസ് ചാഴിക്കാടനെതിരേ നിലപാട് സ്വീകരിച്ചാൽ മദ്ധ്യകേരളത്തിലെ മണ്ഡലങ്ങളില്‍ കോൺഗ്രസിന് അത് തിരിച്ചടിയാവും. ഇത് മുന്നിൽ കണ്ടാണ് മാണി വിഭാഗം തന്ത്രപരമായ നിലപാടെടുത്തത്. എന്തായാലും പ്രശ്ന പരിഹാരത്തിനുള്ള സമവായ ചർച്ചകള്‍ തുടരുകയാണ്. അൽപസമയത്തിനകം മുല്ലപ്പള്ളി രാമചന്ദ്രൻ,ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല എന്നിവർ പി.ജെ ജോസഫുമായി ചർച്ച നടത്തും.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു