‘ശബരിമല’ തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ കുമ്മനം രാജശേഖരന്‍. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിഷയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവുമാണ് ഉന്നയിക്കപ്പെടുന്നതെന്നും ശബരിമല ഒരു നിമിത്തം മാത്രമാണെന്നും ഇന്ന് ശബരിമലയിലാണെങ്കില്‍ നാളെ മലയാറ്റൂര്‍ പള്ളിയിലോ ബീമാ പള്ളിയിലോ ഇതരത്തിൽ സംഭവിക്കാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മിസോറാം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.

ഈ വിഷയത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കുമ്മനം അറിയിച്ചു. വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന ജനങ്ങളുടെ വികാരം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയര്‍ത്തി പിടിക്കാതിരിക്കുന്നത് സമൂഹത്തിൽ നിന്നുള്ള  ഒളിച്ചോട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ഒരു സമ്പൂർണ ജനാധിപത്യ രാജ്യമാണെന്നും അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുമ്മനത്തിന് പ്രമുഖ ബി.ജെ.പി നേതാക്കള്‍ ഉജ്ജ്വല വരവേൽപ്പ് നൽകി.