വിവാഹാഭ്യർത്ഥന നിരസിച്ചു; കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ തീകൊളുത്തി,

കോട്ടയം: പ്രണയം നിരസിച്ചതിന് ബിരുദ വിദ്യാർത്ഥിനിയെ യുവാവ് നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തി. തിരുവല്ല ചിലങ്ക ജംഗ്ഷനില്‍ രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ അയിരൂർ സ്വദേശി കവിത എന്ന പെണ്‍കുട്ടിയെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  തിരുവല്ല കുമ്പനാട് സ്വദേശിയായ  അജിന്‍ റെജി മാത്യു എന്ന പതിനെട്ടുകാരനാണ് ക്രൂര കൃത്യം ചെയ്തത്. തിരുവല്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബിരുദ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയായ കവിതയോട് അജിൻ നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായി സഹപാഠികള്‍  പറഞ്ഞു. വിവാഹാഭ്യര്‍ത്ഥനയുമായി പല പ്രാവശ്യം ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായി വീട്ടുകാരും വെളിപ്പെടുത്തി.

കഴിഞ്ഞദിവസം അജിന്‍ യുവതിയുടെ വീട്ടില്‍ എത്തി വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതിനുള്ള പ്രതികാരമായാണ് ഇന്ന് രാവിലെ പെൺകുട്ടി ക്ലാസ്സിലേക്ക് പോകും വഴി യുവാവ് ആക്രമിച്ചത്. ബസ് ഇറങ്ങി വരുമ്പോള്‍ ചിലങ്ക തീയേറ്ററിനു സമീപം കാത്തുനിന്ന അജിൻ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും തുടർന്ന്  ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തുകയുമായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീ ശരീരത്ത് പടർന്ന് പിടിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ നാട്ടുകാർ തന്നെ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തു നിന്നും ഓടിരക്ഷപെടാന്‍ ശ്രമിച്ച അജിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപിച്ചു.