തർക്കത്തിനിടെ പിടിച്ച് തള്ളി, യുവാവ് കാറിടിച്ച് മരിച്ചു; ഡി.വൈ.എസ്.പിക്കെതിരെ കൊലക്കുറ്റത്തിന് കേസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചു തള്ളിയ യുവാവ് വാഹനമിടിച്ച് മരിച്ചു. റോഡിൽ നിന്ന് വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് യുവാവിന് അപകടം സംഭവിച്ചത്. കിടങ്ങാംവിള സ്വദേശി സനലാണ് വാക്കേറ്റത്തിനിടെ കാറിടിച്ച് മരിച്ചത്. സംഭവത്തിൽ ഡിവൈ.എസ്.പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിന് ശേഷം ഹരികുമാര്‍ ഒളിവിലാണ്.

ഇന്നലെ രാത്രിയോടെയാണ് സനലിന്റെ മരണത്തിനിടയാക്കിയ സംഭവം നടന്നത്.. നെയ്യാറ്റിൻകര കിടങ്ങാംവിളയിൽ ഡിവൈഎസ്പി യുടെ വാഹനത്തിനു മുന്നിൽ സനൽ വാഹനം പാർക്ക് ചെയ്തിരുന്നു. അതിൽ പ്രകോപിതനായ ഡിവൈഎസ്പി വാഹനം മാറ്റാൻ സനലിനോട് ആവശ്യപ്പെട്ട് സനലിനോടു കയർക്കുകയായിരുന്നു. തർക്കത്തിനിടെ യുവാവിനെ റോഡിലേക്ക് പിടിച്ചു തള്ളി. ആ സമയം എതിരെ വന്ന വാഹനം ഇടിക്കുകയും സനലിന് ഗുരുതരമായി പരുക്ക് പറ്റുകയും ചെയ്തു. എന്നാൽ സനലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഡിവൈഎസ്പി തയ്യാറാകാതിരുന്നതിനെത്തുടർന്ന് എസ്. ഐ എത്തി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. എന്നാൽ മെഡിക്കൽ കോളജിലെത്തിയപ്പോഴും സനൽ മരിച്ചിരുന്നു. ഇതിനിടെ ഡിവൈഎസ്പിക്കെതിരെ കൊലപാതകത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. സംഭവത്തെ തുടർന്ന് ഡിവൈ.എസ്.പി ഹരികുമാറിനെ ചുമതലയിൽ നിന്ന് നീക്കിയിട്ടുണ്ട്. സനലിന്റെ മരണത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.