കനത്ത സുരക്ഷയിൽ ശബരിമല നട തുറന്നു

പത്തനംതിട്ട:  നിരോധനാജ്ഞ നിലനിൽക്കെ ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു. കനത്ത സുരക്ഷയിൽ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്നാണ് നട തുറന്ന് വിളക്ക് തെളിച്ചത്‌. സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.  ഇന്ന്  പ്രത്യേക പൂജകൾ ഉണ്ടാവില്ല.

സംഘപരിവാർ സംഘടനകളുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത്  സാന്നിധാനവും പരിസരവും കനത്ത പോലീസ് സുരക്ഷയിലാണ്‌. പമ്പയിലേക്കെത്തിയ അയ്യപ്പ ഭക്തരെ സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമാണ്‌ സന്നിധാനത്തേക്ക് കടത്തിവിടുന്നത്‌. ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തിൽ പമ്പയിൽ അവലോകന യോഗം ചേർന്നിരുന്നു.  അത്താഴപൂജയ്ക്കു ശേഷം പത്തുമണിയോടെ നട അടയ്ക്കും. തുടർന്ന്‌ മണ്ഡലമാസ പൂജകൾക്കായി വൃശ്ചികം ഒന്നിന് വീണ്ടും നട തുറക്കും.