സൗദിയിൽ ആശുപത്രികളും സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളും നടത്താൻ വിദേശ നിക്ഷേപകർക്ക് അനുമതി

റിയാദ്: ആശുപത്രികളും സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളും നടത്താൻ വിദേശ നിക്ഷേപകരെ ക്ഷണിച്ച്‌ സൗദി. ഇതുസംബന്ധിച്ച വിജ്ഞാപനം ഭരണാധികാരി സൽമാൻ രാജാവ് പുറപ്പെടുവിച്ചു.  നിലവിൽ ചികിത്സാ മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികൾക്ക് മാത്രമാണ് ക്ലിനിക് ഉടമസ്ഥതയ്ക്കുള്ള അനുമതി. ഈ നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്യുന്നത്‌.

എന്നാൽ ക്ലിനിക്കിൽ ജോലി ചെയ്യുന്നതിനും ഫുൾ ടൈം വ്യവസ്ഥയിൽ സ്വദേശി ഡോക്ടർമാരെ നിയമിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. റിക്രൂട്മെന്റ് ഓഫീസ്, മാന്‍ പവര്‍ സപ്ലൈ, ട്രാന്‍സ്‌പോര്‍ട്ടിങ് സര്‍വീസ്, റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറേജ് എന്നീ മേഖലകളിൽ വിദേശികളുടെ ഉടമസ്ഥതയില്‍ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള നിയമ ഭേദഗതി കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് ആശുപത്രികളും സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളും തുടങ്ങാൻ വിദേശ നിക്ഷേപകർക്ക് അനുമതി നൽകിയത്.