ടാബായും മടക്കി സ്മാര്‍ട്ട്‌ഫോണായും ഒരേസമയം ഉപയോഗിക്കാം; വരുന്നു ഫ്‌ളെക്‌സ്‌പൈ

ടാബായും മടക്കി സ്മാര്‍ട്ട്‌ഫോണായും ഒരേസമയം ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍  പുറത്തിറക്കി റോയോള്‍. ഈ 2 ഇന്‍ 1 സ്മാര്‍ട്ട് ഫോണിന്‌ ഫ്‌ളെക്‌സ്‌പൈ എന്നാണ് പേരിട്ടിരിക്കുന്നത്‌. 7.8 ഇഞ്ച് സ്‌ക്രീനുള്ള ഈ ഉപകരണം മടക്കി കഴിഞ്ഞാല്‍ നാല് ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണായി മാറും.

ഡിസ്‌പ്ലേകള്‍ക്കൊപ്പം മടങ്ങുന്ന നടുഭാഗവും ചെറിയ ഡിസ്‌പ്ലേയായി ഉപയോഗിക്കാനാകും. കോളുകളും മെസേജുകളും മെയിലുകളും സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനുമാകും ഈ മൂന്നാം ഡിസ്‌പ്ലേ ഉപയോഗിക്കുക. 320 ഗ്രാം മാത്രം ഭാരമുള്ള ഫ്‌ളെക്‌സ്‌പൈക്ക് 7.6 മില്ലിമീറ്റര്‍ മാത്രമാണ് കനമുള്ളത്. മൂന്ന് വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് മടക്കാവുന്ന സ്‌ക്രീന്‍ കണ്ടെത്തിയതെന്നാണ് റോയോള്‍ കമ്പനിയുടെ സിഇഒ ബില്‍ ലിയു പറയുന്നത്‌.

നിലവിലെ സ്മാര്‍ട്ട്ഫോണുകളിലെ ഗ്ലാസ് സ്‌ക്രീനുകളെ പോലെ കയ്യില്‍ നിന്നും വീണാല്‍ ഫ്‌ളെക്‌സ്‌പൈയുടെ സ്‌ക്രീന്‍ പൊട്ടില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. ആവേശത്തോടെയും അത്ഭുതത്തോടെയുമാണ് ഫ്‌ളെക്‌സ്‌പൈയുടെ വരവിനെ സ്മാര്‍ട്ട്‌ഫോണ്‍ ലോകം കാണുന്നത്. 94,000 രൂപ മുതല്‍  1,37,000 രൂപ വരെയാണ്വില. ഈ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രീ ഓര്‍ഡറായി ഓണ്‍ലൈനില്‍ നിന്നും വാങ്ങാനാകും.