വിവാദ പരാമർശം: ശ്രീധരൻപിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമല സത്രീ പ്രവേശന വിഷയത്തിൽ വിവാദ പ്രസ്താവന നടത്തിയ ബി.ജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ശബരിമലയിലുണ്ടായ സംഘർഷങ്ങളിലുൾപ്പെടെയുള്ള കാര്യങ്ങളിൽ ബി.ജെ.പി ഗൂഢാലോചന നടത്തിയെന്നതിന്റെ തെളിവാണ് ശ്രീധരൻപിള്ളയുടെ പുറത്ത് വന്ന വീഡിയോയിലൂടെ മനസ്സിലാകുന്നത്. ഇതിനെതിരെ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്നും അന്വേഷണത്തിൽ തന്ത്രി കുടുംബത്തേയും ഉൾപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുടെ പിന്തുണയോടെയെന്ന് വെളിപ്പെടുത്തുന്ന പി.എസ് ശ്രീധരൻപിള്ളയുടെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. തുലാമാസ പൂജാ സമയത്ത് യുവതികൾ മല കയറാനെത്തിയപ്പോൾ തന്ത്രി കണ്ഠരര് രാജീവർ വിളിച്ചിരുന്നുന്നതായും നടയടച്ചാൽ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചതായും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ ശബ്ദരേഖയിൽ വെളിപ്പെടുത്തിയിരുന്നു.നമ്മൾ മുന്നോട്ട് വച്ച അജൻഡയിൽ ഓരോരുത്തരായി വീണുവെന്നും ബിജെപിക്ക് കേരളത്തിൽ സജീവമാകാനുള്ള സുവർണാവസരമാണ് ഇതെന്നും ശ്രീധരൻപിള്ള പറയുന്നതായുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്.