‘ നമ്മൾ മുന്നോട്ട് വെച്ച അജണ്ടയിൽ ഓരോരുത്തരായി വീണു, ശബരിമലയിലേത് സുവർണ്ണാവസരം’; ശ്രീധരൻപിള്ളയുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുടെ പിന്തുണയോടെയെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്. യുവമോർച്ച യോഗത്തിനിടെയുള്ള ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ ശബ്ദരേഖയാണ് പുറത്ത് വന്നത്. തുലാമാസ പൂജാ സമയത്ത് യുവതികൾ മല കയറാനെത്തിയപ്പോൾ തന്ത്രി കണ്ഠര് രാജീവര് വിളിച്ചിരുന്നുന്നതായും നടയടച്ചാൽ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചതായും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള ശബ്ദരേഖയിൽ വെളിപ്പെടുത്തുന്നു. നമ്മൾ മുന്നോട്ട് വച്ച അജൻഡയിൽ ഓരോരുത്തരായി വീണുവെന്നും ബിജെപിക്ക് കേരളത്തിൽ സജീവമാകാനുള്ള സുവർണാവസരമാണ് ഇതെന്നും ശ്രീധരൻപിള്ള പറയുന്നതായുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്.

നടയടയച്ചാൽ പതിനായിരക്കണക്കിന് ഭക്തരുടെ പിന്തുണയുണ്ടാകുമെന്ന തന്റെ ഉറപ്പിന്റെ പിൻബലത്തിലായിരുന്നു തന്ത്രി പ്രവർത്തിച്ചതെന്നും ‘സാറിന്റെ വാക്ക് വിശ്വസിക്കുന്നു’വെന്ന് തന്ത്രി പറഞ്ഞതായും യുവമോർച്ചയുടെ സമ്മേളനത്തിൽ ശ്രീധരൻപിള്ള പറഞ്ഞു.