ശബരിമലയിൽ തന്ത്രിയെ കാണുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്

പമ്പ: തന്ത്രിയേയും ശബരിമല മേൽശാന്തിയേയും കാണുന്നതിന് മാധ്യമങ്ങൾക്ക് പൊലിസിന്റെ വിലക്ക്. മാധ്യമങ്ങൾക്ക് ഇന്നലെ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് മാറ്റിയതിനെത്തുടർന്ന് മാധ്‌യമ പ്രവർത്തകർ ഇന്ന് സന്നിധാനത്തെത്തിയിരുന്നു. അതേസമയം സ്ത്രീകളാരും ശബരിമലയിൽ ദർശനം ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് നിലക്കൽ എസ്.പി മഞ്ജുനാഥ് പറഞ്ഞു. തന്ത്രി കണ്ഠരര് രാജീവരുടെ മുറിക്ക് പുറത്തായി പൊലീസ് മൊബൈൽ ജാമറുകൾ സ്ഥാപിച്ചു. സുരക്ഷക്ക് വേണ്ടിയാണ് മൊബൈൽ ജാമറുകളെന്ന് പൊലീസ് വ്യക്തമാക്കി.

ചിത്തിര ആട്ട വിശേഷപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുന്നതിനാൽ ശബരിമലയിലും സമീപ പ്രദേശങ്ങളിലും ശക്തമായ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. സന്നിധാനത്ത് സ്ത്രീകളെത്തി പ്രതിഷേധിച്ചാൽ തടയുന്നതിനായി 15 വനിതാ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. നിലക്കലിൽ നിന്ന് കാൽനടയായി എത്തുന്ന അയ്യപ്പഭക്തരെയും പമ്പയിലേക്ക് കടത്തിവിട്ടിട്ടുണ്ട്. നിലയ്ക്കലിൽ നിന്നും 22 കെ.എസ്.ആർ.ടി.സി ബസ്സുകളും സർവ്വീസ് നടത്തുന്നുണ്ട്.