ഗ്ലൗസ് ധരിക്കാതെ ഡൈ ചെയ്‌ത യുവതിക്ക്‌ പൊള്ളലേറ്റു

ദുബായ്: മുടി ഡൈ ചെയ്യുന്നതിനിടെ യുവതിയുടെ കൈയ്യില്‍ ഗുരുതരമായി പൊള്ളലേറ്റു. 29 വയസുകാരി പ്രവാസി യുവതിക്കാണ്‌ അപകടം സംഭവിച്ചത്. ഗ്ലൗസ് ധരിക്കാതെ ഡൈ ഉപയോഗിച്ചതാണ്‌ അപകടത്തിന് കാരണമെന്ന്‌ യുവതി പറഞ്ഞു. ദുബായിലെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക്‌ നാല് ദിവസം ചികിത്സ വേണ്ടി വന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുഎഇ മാധ്യമമായ ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വീടിനടുത്തുള്ള കടയില്‍ നിന്നാണ് ഡൈ വാങ്ങിയതെന്നും തിരക്കുണ്ടായിരുന്നതിനാല്‍ ഗ്ലൗസ് ഉപയോഗിച്ചില്ല തുടർന്ന്‌ കൈയ്യില്‍ നീരും കഠിനമായ വേദനയും അനുഭവപ്പെട്ടെങ്കിലും ചികിത്സ തേടാതെ വീട്ടിലുണ്ടായിരുന്ന ക്രീമുകളും മറ്റും ഉപയോഗിച്ചു. എന്നാൽ വേദനയും നീരും വര്‍ദ്ധിച്ചതോടെയാണ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും യുവതി പറഞ്ഞതെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

വീടുകളില്‍ സ്വന്തമായി ഡൈ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ സ്വയം ചികിത്സിക്കാതെ വൈദ്യസഹായം തേടണമെന്നും റാഷിദ് ആശുപത്രി പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. മര്‍വാന്‍ അല്‍ സറൂനി പറഞ്ഞു.