ബന്ധുനിയമന വിവാദം: യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം

കോഴിക്കോട്: ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.

ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ചിലാണ് പൊലീസുമായി സംഘർഷമുണ്ടായത്. പ്രവർത്തകർ പ്രതിഷേധം കനപ്പിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീറാണ് പ്രതിഷേധ മാർച്ച് ഉത്ഘാടനം ചെയ്തത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം തുടങ്ങിയവരാണ് മാർച്ചിന് നേതൃത്വം നൽകിയത്.

മന്ത്രി കെ.ടി ജലീൽ ചട്ടം ലംഘിച്ച് ബന്ധുവിന് മൈനോറിറ്റി ഫിനാൻസ് കോർപ്പറേഷനിൽ ജനറൽ മാനേജറായി നിയമനം നൽകിയെന്ന് യൂത്ത് ലീഗ് ആരോപണം ഉന്നയിച്ചിരുന്നു. സർക്കാർ ജീവനക്കാരെ ഡപ്യൂട്ടേഷനിൽ നിയമിക്കേണ്ട തസ്തികയിലാണു സ്വകാര്യ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ മന്ത്രി നിയമിച്ചതെന്നു കോർപറേഷൻ എംഡിയും സ്ഥിരീകരിച്ചിരുന്നു. യോഗ്യതയുള്ള ആളെ കിട്ടാത്തത് കൊണ്ടാണ് ഡെപ്യൂട്ടേഷനിൽ ബന്ധുവിനെ നിയമിച്ചതെന്നും നിയമവിരുദ്ധമായി നിയമനം നടത്തിയിട്ടില്ലെന്നും മന്ത്രി കെ.ടി ജലീൽ മറുപടി പറഞ്ഞിരുന്നു.