സൗദിയിൽ തൊഴിലാളിയുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ചാൽ കടുത്ത ശിക്ഷ

റിയാദ്: സൗദിയിൽ തൊഴിലാളിയുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ചാൽ തൊഴിലുടമ ഇനി അകത്ത് കിടക്കും. പാസ്പോര്‍ട്ട് കൈവശം വച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അതോറിറ്റി. പാസ്പോര്‍ട്ട് പിടിച്ചുവച്ചാൽ  ഇനി മുതൽ  15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. എന്നാല്‍ തൊഴിലാളിയുടെ അനുവാദത്തോടെ അവരുടെ പാസ്പോർട്ട് തൊഴിലുടമക്കു സൂക്ഷിക്കാം. പബ്ലിക് പ്രോസിക്യൂഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

തൊഴിലാളിയുടെ മേല്‍ ആധ്യപത്യം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ സൂക്ഷിച്ചുവെക്കുന്നത് നിയമ ലംഘനമാണെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.  പാസ്പോര്‍ട്ട് പിടിച്ചു വെച്ച് തൊഴിലാളിയെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിപ്പിക്കല്‍, കബളിപ്പിക്കല്‍, ആധ്യപത്യം സ്ഥാപിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ മനുഷ്യ കച്ചവടത്തില്‍ പെടുന്ന കുറ്റമാണെന്നും അതോറിറ്റി അറിയിച്ചു.