ശബരിമല: പമ്പയിലേക്ക് തീർത്ഥാടകരെ കയറ്റിവിടുന്നു

നിലയ്ക്കൽ: ചിത്തിര ആട്ട ആഘോഷത്തിന്റെ ഭാഗമായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ തീർത്ഥാടകർക്ക് പമ്പയിലേക്ക് പ്രവേശനം നൽകി തുടങ്ങി. തീർത്ഥാടകരുടെ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടില്ല. കാൽ നടയായിട്ട് മാത്രമാണ് തീർത്ഥാടകർ പമ്പയിലേക്ക് പോകുന്നത്. തീർത്ഥാടകരെ വെവ്വേറെയായി പമ്പയിലേക്ക് പോകാൻ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. ഒരുമിച്ച് ബസിൽ പമ്പയിലേക്ക് വിടാമെന്നാണ് പൊലീസ് അറിയിച്ചത്.

വാഹനങ്ങൾ കടത്തിവിടാത്തതിനെ തുടർന്ന് തീർത്ഥാടകരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിന്നീട് പമ്പയിലേക്ക്് നടന്ന് പോകാനനുവദിക്കണമെന്ന് തീർത്ഥാടകർ ആവശ്യപ്പെട്ടതിനെ തുടർന്ന് നടന്നുപോകാൻ പൊലീസ് അനുവാദം നൽകുകയായിരുന്നു. അതേസമയം, നിലയ്ക്കലിൽ നിന്ന് വാഹനങ്ങൾ 11.30ന് ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.

ഇന്നലെ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. അതേസമയം കൂടുതൽ സ്ത്രീകളെത്തിയാൽ നിയന്ത്രിക്കുന്നതിനായി സന്നിധാനത്ത് വനിതാ പൊലീസുദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. 50 വയസ്സിന് മുകളിലുള്ള എസ.ഐ, സി.ഐ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥരാണ് സന്നിധാനത്തെത്തിയിരിക്കുന്നത്.