സന്നിധാനത്ത് ആക്ടിവിസ്റ്റുകളെത്തിയാൽ തടയുമെന്ന് ദേവസ്വം മന്ത്രി

തൃശ്ശൂർ: ശബരിമലയിൽ ആക്ടിവിസ്റ്റുകൾ എത്തിയാൽ തടയുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗൂഢലക്ഷ്യങ്ങളുമായി വരുന്നവരെ ദർശനത്തിനനുവദിക്കില്ല. ഇത് വരെ യുവതികളാരും ദർശനത്തിന് അപേക്ഷിച്ചിട്ടില്ലെന്നും ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. എന്നാൽ മാധ്യമങ്ങൾക്ക് ഇന്നും പമ്പയിലേക്ക് പൊലീസ് പ്രവേശനമനുവദിച്ചില്ല.

തുലാമാസ പൂജയ്ക്ക നട തുറന്നപ്പോൾ ആക്ടിവസ്റ്റ് രഹ്ന ഫാത്തിമയും ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക കവിതയും മലകയറാന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ വരേണ്ടതില്ലെന്ന് കടകംപള്ളി പറഞ്ഞിരുന്നു. ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് അന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം ചിത്തിര ആട്ട പൂജ നാളിൽ നട തുറക്കുമ്പോൾ പ്രതിഷേധക്കാർ എത്തുന്നതൊഴിവാക്കാൻ പോലീസ് സുരക്ഷ ശക്തമാക്കി. വനിത പ്രതിഷേധക്കാർ സന്നിധാനത്തെത്തിയാൽ തടയാൻ വനിത പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം ബിജെപിയും ഹിന്ദു സംഘടനകളും പരമാവധി ആളുകളെ സന്നഗധാനത്തെത്തിച്ച് പ്രതിഷേധിക്കാനൊരുങ്ങുകയാണ്. ഭക്തരെ അധിക സമയം സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട് എന്നാൽ 24 മണിക്കൂർ വരെ തങ്ങാമെന്നും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും രാജു എബ്രഹാം എം.എൽ.എ. വ്യക്തമാക്കുന്നു.

ശബരിമല പ്രവേശവുമായി ബന്ധപ്പെട്ട് ഇതുവരെ യുവതികൾ അനുമതി തേടിയിട്ടില്ലെന്ന് ജില്ലാ കലക്ടർ പറഞ്ഞു. പൊലീസിന്റെ എല്ലാ നടപടികളേയും പ്രതിരോധിച്ച് നിലയുറപ്പിക്കാനുറച്ചാണ് പ്രതിഷേധക്കാർ ഇറങ്ങിയിരിക്കുന്നത്.