തമിഴ്‌നാട് സ്വദേശിയുടെ കസ്റ്റഡി മരണം, അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോഴിക്കോട്ട് പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഷണ ശ്രമത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത തിരുനെൽവേലി സ്വദേശി സ്വാമിനാഥനാണ്(39) കസ്റ്റഡിയിലിരിക്കെ ഇന്നലെ ആശുപത്രിയിൽ വെച്ച് മരിച്ചത്. പൊലീസ് സ്റ്റേഷനിൽ ഇയാൾ മർദ്ദനത്തിന് വിധേയനായോ എന്ന് സംശയമുള്ളതായി രമേശ് ചെന്നിത്തല ആരോപിച്ചു. തലച്ചോറിലുണ്ടായ രക്ത സ്രാവമാണ് മരണത്തിന് കാരണമെന്ന് ഇയാളെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു.

സാമിനാഥന് കസ്റ്റഡിയിൽ മർദ്ദനമേറ്റോ എന്ന കാര്യത്തിൽ ഉറപ്പ് വരുത്തണം. അതിനാൽ സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് വരണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം സ്വാമിനാഥൻറെ മരണം കൊലപാതകമാണെന്ന് അച്ഛൻ ചെല്ലപ്പനും ആരോപിച്ചു. പോലീസ് പിടിച്ചുകൊണ്ടു പോയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും വളരെ വൈകിയാണ് അറിഞ്ഞതെന്ന് സാമിനാഥന്റെ ബന്ധുക്കൾ പറഞ്ഞു. വിവരമറിഞ്ഞ് തങ്ങൾ ആശുപത്രിയിൽ എത്തിയപ്പോഴേക്കും സാമിനാഥൻ മരിച്ചുവെന്ന് അച്ഛൻ ചെല്ലപ്പനും പറഞ്ഞു. മോഷണം നടന്നുവെന്ന് പറയുന്ന കടയിലെ ആളുകൾ മകനെ തല്ലിയതായി സംശയിക്കുന്നു. കൊലപാതകമാണെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ചെല്ലപ്പൻ. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കമ്മീഷണർക്ക് പരാതി കൊടുത്തതായും ചെല്ലപ്പൻ പറഞ്ഞു.

ഇരുമ്പ് കടയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് സ്വാമിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വാമിനാഥന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.