‘മോദിയോട് വെറുപ്പില്ല, കാരണം അത് പോലും അദ്ദേഹം അർഹിക്കുന്നില്ല’; പ്രകാശ് രാജ്

ഷാർജ: പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന് മതിയായ സഹായം നൽകാതെ ഒരു പ്രതിമയ്ക്ക് വേണ്ടി 3000 കോടി ചിലവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. പ്രളയത്തിൽ വൻ നാശനഷ്ടം സംഭവിച്ച സാഹചര്യത്തിലാണ് കേരളം, കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടത്. എന്നാൽ 2000 കോടി ആവശ്യപ്പെട്ട കേരളത്തിന് 600 കോടി മാത്രം നൽകി പ്രധാനമന്ത്രി കേരളത്തിന്റെ അടിസ്ഥാന ആവശ്യത്തെ അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘കേരളം ചോദിച്ചത് പിച്ചക്കാശല്ല, നമ്മുടെയെല്ലാം നികുതിപ്പണമാണ് കേരളം അടിയന്തര ഘട്ടത്തിൽ ആവശ്യപ്പെട്ടത്. മോദിയോട് ഒരു വെറുപ്പും തോന്നുന്നില്ല, കാരണം അദ്ദേഹം അതുപോലും അർഹിക്കുന്നില്ല. തുറന്നുപറച്ചിലുകളുടെ പേരിൽ എന്നെ ചിലർ ലക്ഷ്യമിടുന്നുണ്ട്. പക്ഷേ എനിക്കതിൽ പേടിയില്ല’- പ്രകാശ് രാജ് വ്യക്തമാക്കി.

തന്റെ കന്നഡ പുസ്തകത്തിന്റെ മലയാളം പതിപ്പായ ‘നമ്മെ വിഴുങ്ങുന്ന മൗനം’ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നതിനിടെയാണ് പ്രകാശ് രാജ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ശബരിമല വിഷയത്തിൽ ആരാധനയ്‌ക്കെത്തുന്ന സ്ത്രീകളെ അതിനനുവദിക്കണമെന്നും അവരുടെ ആരാധന വിലക്കുന്ന മതം മതമല്ലെന്നും അവരെ തടയുന്നവർ ഭക്തരല്ലെന്നും നടൻ കൂട്ടിച്ചേർത്തു.