മോദിക്കെതിരായ തേള്‍ പരാമര്‍ശം; ശശി തരൂരിനെതിരെ കേസ്

ഡല്‍ഹി: മോദിക്കെതിരായ തേള്‍ പരാമര്‍ശത്തില്‍ ശശി തരൂരിനെതിരെ അപകീര്‍ത്തി കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ബിജെപി നേതാവ് രാജീവ് ബബ്ബാറാണ് തരൂരിനെതിരെ ഡല്‍ഹി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ബംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കവെയായിരുന്നു ശശി തരൂര്‍ മോദിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്.

”നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിൽ കയറിയ തേളിനെപ്പോലെയാണ്. കൈ കൊണ്ട് തട്ടിക്കളയാനും പറ്റില്ല, ചെരുപ്പുകൊണ്ട് അടിച്ച് കൊല്ലാനും പറ്റില്ല, എന്നാണ് ആ നേതാവ് പറഞ്ഞത്. എന്തൊരു ‘അസാധ്യ’താരതമ്യമാണത്!” മോദിയെക്കുറിച്ച് ഒരു ആർഎസ്എസ് നേതാവ് നടത്തിയ പരാമർശം എന്ന് പറഞ്ഞുകൊണ്ടാണ് തരൂരിന്റെ പ്രസ്താവന.

എന്നാൽ “ഞാനൊരു ശിവഭക്തനാണ്. ശിവനെ അപമാനിയ്ക്കുന്ന പ്രസ്താവനയാണിതെന്നും  ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ശിവഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതായിരുന്നു തരൂരിന്റെ പ്രസ്താവനയെന്നും മതവികാരം മുറിവേല്‍പിക്കുന്നതിനായി മന:പൂര്‍വമാണ് അദ്ദേഹം ഇത് ചെയ്തതെന്നും ആരോപിച്ചാണ്‌ രാജീവ് ബബ്ബാര്‍ കേസ് നല്‍കിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരമാണ് കേസ്. കേസില്‍ നവംബര്‍ 16ന് വാദം കേള്‍ക്കും.