‘രാജീവ് ഗാന്ധിയെ വധിച്ചത് പോലെ വധിക്കും’ ; ശ്രീധരൻ പിള്ളയ്ക്ക് വധഭീഷണി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് വധഭീഷണി. രാജീവ് ഗാന്ധിയുടേത് പോലുള്ള അന്ത്യം ആയിരിക്കും ശ്രീധരൻ പിള്ള നേരിടുക എന്നാണു ഭീഷണി. പാർട്ടി ഓഫീസിലേക്ക് ഭീഷണിക്കത്ത് വന്നിരുന്നതായും ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു.

മഹാരാഷ്ട്രയിലെ മഹാബലേശ്വരിൽ നിന്ന് സ്പീഡ്പോസ്റ്റിലാണ് ശ്രീധരൻ പിള്ളയ്ക്ക് ഭീഷണിക്കത്ത് എത്തിയത്. മുബൈയിൽ നിന്ന് മോഹനൻ കെ നായർ എന്ന് പേരിലാണ ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. കാസർകോട് നിന്നു ശ്രീധരൻ പിള്ള ആരംഭിക്കാനിരിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയോടൊപ്പം താനും ഉണ്ടാവുമെന്ന് ഭീഷണികത്തിൽ പറയുന്നു.

അതേസമയം ളാഹയിൽ മരിച്ച നിലയിൽ കാണപ്പെട്ട ശിവദാസൻ പൊലീസ് മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടതാണെന്ന് കെ. സുരേന്ദ്രൻ ആവർത്തിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.