ശബരിമല സ്ത്രീ പ്രവേശനം: എൻ.എസ്.എസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻഎസ്എസുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. കലക്കവെളളത്തിൽ മീൻ പിടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് എൻഎസ്എസ് ഓഫീസ് ആക്രമിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കടകംപളളി പറഞ്ഞു.

മേലാംകോട് എൻഎസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിലും ദേവസ്വം നിയമനങ്ങളിലെ സംവരണ പ്രശ്‌നത്തിലും സർക്കാരിനെതിരെ സുകുമാരൻ നായർ രൂക്ഷവിമർശനം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് എൻഎസ്എസുമായി ചർച്ചയ്‌ക്കൊരുക്കമാണെന്ന് കടകംപള്ളി വ്യക്തമാക്കിയത്. ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല. നിലവിൽ മാധ്യമപ്രവർത്തകരുടെ സുരക്ഷക്ക് വേണ്ടിയാണ് പ്രവേശനം അനുവദിക്കാത്തത്. സാമൂഹ്യവിരുദ്ധൻമാരെ നിയന്ത്രിക്കുന്നതിനാണ് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.