ശബരിമല സ്ത്രീ പ്രവേശനം: റിട്ട് ഹർജികൾ മൂന്നംഗ ബെഞ്ചിന്

ഡൽഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള റിട്ട് ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് റിട്ട് ഹർജികൾ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ കൗൾ, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരാണ് ബെഞ്ചിലുള്ളത്. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ സമർപ്പിച്ച എല്ലാ ഹർജികളും നവംബർ 13 ന് വൈകീട്ട് 3 മണിക്ക് പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. തുറന്ന കോടതിയിലായിരിക്കും മൂന്നംഗ ബെഞ്ച് കേസുകൾ കേൾക്കുക.

ശബരിമല വിഷയത്തിലെ കോടതിവിധി ഭക്തരുടെ മൗലിക അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് റിട്ട് ഹർജികളാണ് സുപ്രീംകോടതിയിൽ ഇത് വരെ സമർപ്പിച്ചിട്ടുള്ളത്. ഇതിന് പുറമെ സുപ്രീംകോടതി വിധിക്കെതിരെ വിവിധ ഹിന്ദു സംഘടനകളുടെ 19 പുനഃപരിശോധനാ ഹർജികളും സമർപ്പിച്ചിട്ടുണ്ട്.