ശബരിമല സംഘർഷം: അഞ്ച് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലയ്ക്കലിലും പമ്പയിലുമുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ അഞ്ചുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിരവധി സർക്കാർ വാഹനങ്ങളും, മാധ്യമ പ്രവർത്തകരുടെ വാഹനങ്ങളും ആക്രമിച്ചകേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളിയത്. അക്രമങ്ങൾ സൃഷ്ടിച്ചവർക്ക് ജാമ്യം നൽകുന്നത് അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി വിലയിരുത്തി.

ശബരിമലയിൽ ഉണ്ടായ സംഘർഷങ്ങളിൽ വനിതാ മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവർക്കെതിരെ സമരക്കാർ അക്രമം അഴിച്ച് വിട്ടിരുന്നു. സർക്കാരിന്റേതുൾപ്പെടെ നിരവധി വാഹനങ്ങളും അക്രമികൾ തകർത്തിരുന്നു. സംഘർഷത്തെ തുടർന്ന് അക്രമത്തിൽ പങ്കാളികളായവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ലുക്ക് ഔട്ട് നോട്ടീസുകൾ പുറത്ത് വിട്ട് സംഘർഷത്തിലുൾപ്പെട്ട മൂവായിരത്തിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ 543 കേസുകളിലായി 3701 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പലരേയും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയുമായിരുന്നു. അതിനിടെയിലാണ് സംഘർഷത്തിലുൾപ്പെട്ട 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

അതേസമയം ശബരിമല നടതുറക്കുന്നതിന് മുന്നോടിയായി നിലക്കൽ, പമ്പ, സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിൽ ഇന്ന് അർദ്ധരാത്രി മുതൽ ആറിന് രാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്ന അഞ്ചിന് ഉച്ചയ്ക്ക് ശേഷം മാത്രമേ ഭക്തർക്ക് സന്നിധാനത്തേക്കും പമ്പയിലേക്കും പ്രവേശനം അനുവദിക്കൂ. ഒരു ദിവസത്തേക്ക് മാത്രമാണ് നട തുറക്കുന്നത്. ഇത് കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. അഞ്ചിന് രാവിലെ മാത്രമേ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. ഇന്ന് രാവിലെ മുതൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ പൊലീസ് കാവലും ഉണ്ടാകും. ദക്ഷിണ മേഖല എഡിജിപി അനിൽ കാന്തിനാണ് സുരക്ഷാ ചുമതലയുടെ നേതൃത്വം.