സ്ഥിരഉപയോഗ മരുന്നുകൾക്ക്‌ ഇനി പ്രത്യേക  അനുമതി വേണ്ടെന്ന്‌ യുഎഇ

അബുദാബി: സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ കൊണ്ടുവരുന്നതിന് ഇനിമുതൽ പ്രത്യേക  അനുമതി ആവശ്യമില്ലെന്ന് യുഎഇ ആരോഗ്യമന്ത്രാലയം. യുഎഇയില്‍ താമസിക്കുന്നവര്‍ക്കും സന്ദര്‍ശിക്കുന്നവര്‍ക്കും മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ അനുമതി വാങ്ങണമായിരുന്നു  ഇനിമുതൽ ഇത് നിര്‍ബന്ധമല്ലെന്ന് അധികൃതര്‍ അറിയിച്ചു. നിയന്ത്രണമുള്ള മരുന്നുകൾ കൊണ്ടുവരുന്നതിനുമുൻപ് അനുമതി തേടിയാൽ കസ്റ്റംസിലടക്കമുള്ള പരിശോധനകൾക്ക് ചെലവഴിക്കുന്ന സമയനഷ്ടം ഒഴിവാക്കാമെന്നതിനാലാണത്.

ഇനിമുതൽ നിയന്ത്രണമുള്ള മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ ഓണ്‍ലൈന്‍ അനുമതി തേടിയിട്ടില്ലെങ്കില്‍ വിമാനത്താവളത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇക്കാര്യത്തിൽ നേരത്തെയുണ്ടായിരുന്ന നിയമത്തിന് മാറ്റമൊന്നും വന്നിട്ടില്ല. എന്നാല്‍ വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു. ഓൺലൈൻ അപേക്ഷകൾക്കൊപ്പം ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പ് ഉൾപ്പെടെയുള്ള രേഖകൾ അപ്‌ലോഡ് ചെയ്യണം. ഒരു ദിവസത്തിനുള്ളിൽ ഓൺലൈനായിത്തന്നെ അനുമതി ലഭിക്കും.

ഇതിനായി അധിക ചാർജുകളൊന്നും നൽകേണ്ടതില്ല. www.mohap.gov.ae എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. മുൻകൂട്ടി ഓൺലൈൻ അനുമതി വാങ്ങാതെ മരുന്നുകളുമായി വിമാനത്താവളത്തിൽ എത്തുന്നവർക്ക് ഇക്കാര്യം കസ്റ്റംസ് അധികൃതരെ അറിയിച്ച് അപ്പോൾത്തന്നെ സത്യവാങ്മൂലം നൽകാനുമാവും. സ്വകാര്യ ഉപയോഗത്തിനുള്ള മരുന്നുകള്‍ യുഎഇയില്‍ നിയന്ത്രണമില്ലാത്തവയാണെങ്കില്‍ മൂന്ന് മാസത്തേക്കുള്ളതും നിയന്ത്രണമുള്ളതാണെങ്കില്‍ ഒരു മാസത്തേക്കും മാത്രമേ കൊണ്ടുവരാന്‍ അനുവാദമുള്ളൂ. എന്നാല്‍ നിരവധി ഫാര്‍മസികളുള്ള യുഎഇയില്‍ പുറത്ത് നിന്ന് മരുന്നുകള്‍ കൊണ്ടുവരേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.