കുവൈറ്റിൽ വ്യാജ കമ്പനികളുടെ വിസയിലെത്തിയ മൂവായിരത്തോളം വിദേശികളെ നാട് കടത്തും

കുവൈറ്റ്: വ്യാജ കമ്പനികളുടെ വിസയിലെത്തിയ 2900 വിദേശികളെ നാടുകടത്താനൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ജലീബ് അൽ ശുയൂഖിൽ പിടിയിലായ 90 പേരെ ചോദ്യം ചെയ്തപ്പോളാണ് വ്യാജകമ്പനികളുടെ വിസകളിൽ നിരവധി വിദേശികൾ രാജ്യത്ത് പ്രവേശിച്ചിട്ടുള്ളതായി കണ്ടെത്തിയത്.

മൂന്ന് വ്യാജ കമ്പനികളുടെ വിസയിൽ എകദേശം മൂവായിരത്തോളം വിദേശികൾ കുവൈത്തിലെത്തിയതായാണ് റിപ്പോർട്ട്. 1500 മുതൽ 3000 ദിനാർ വരെ നൽകി കുവൈത്തിൽ എത്തിയ ഇവരിൽ അധികവും പാകിസ്ഥാനികളാണ്. വിസയ്ക്ക് ഓരോ രാജ്യക്കാരിൽനിന്നും വ്യത്യസ്ത തുകയാണ് ഈടാക്കുന്നത്. കമ്പനി വിസയിൽ കുവൈത്തിൽ എത്തിക്കുന്നതിന് മാത്രമാണ് തുക ഈടാക്കുന്നത്. മൂന്നുകമ്പനികളുടെയും ഉടമകളെ ചോദ്യം ചെയ്ത് ജാമ്യത്തിൽ വിട്ടതായി അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. സിറിയൻ വംശജനാണ് സർക്കാർ തലത്തിൽ നടപടികൾ പൂർത്തിയാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സർക്കാർ ഓഫിസിലെ ചില ഉന്നതരെ സ്വാധീനിച്ചാണ് ഇയാൾ വിസ തരപ്പെടുത്തിയിരുന്നത്. ഈ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കാനൊരുങ്ങുകയാണ് അധികൃതർ.