രാമക്ഷേത്ര നിർമാണം: ഓർഡിനൻസ് വരുമെന്ന സൂചനയുമായി ആർ.എസ്.എസ്

ഡൽഹി: രാമക്ഷേത്ര വിഷയത്തിൽ വീണ്ടും കടുത്ത നിലപാടുമായി ആർ.എസ്.എസ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് ഇനിയും കാത്തിരിക്കാനാകില്ലെന്നും വേണ്ടി വന്നാൽ 1992 മോഡൽ പ്രക്ഷോഭം ആവർത്തിക്കുമെന്നും ആർഎസ്എസ് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി.

ക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് ഉടൻ പുറത്തിറക്കണമെന്ന് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ഭയിന്ദറിൽ നടക്കുന്ന ആർ.എസ്.എസ് യോഗത്തിനിടെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ മോഹൻ ഭഗവതുമായി ചർച്ച നടത്തിയിരുന്നു. രാമക്ഷേത്ര നിർമാണമായിരുന്നു പ്രധാന ചർച്ചാ വിഷയം. അയോധ്യവിഷയത്തിൽ ആർ.എസ്.എസ് നിലപാട് കടുപ്പിച്ചതിനുപിന്നാലെയായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

കോടതിയിൽ വിശ്വാസമുണ്ടെങ്കിലും പരിഗണന നൽകാത്തതിൽ വിഷമമുണ്ട്. കോടതി വിധി വൈകുന്നത് ഹൈന്ദവ വികാരങ്ങൾക്ക് എതിരാണെന്നും രാമക്ഷേത്ര വിഷയത്തിൽ നീതിപീഠം പ്രത്യേക പരിഗണന നൽകണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ അനൂകൂല വിധി ഉണ്ടാകുമെന്നാണ് വിശ്വാസം. കോടതിയിൽ നിന്ന് ഉടനടി വിധി പ്രതീക്ഷിക്കുന്നില്ലെന്നും കോടതി വിധിക്കായി ഇനിയും കാത്തിരിക്കാനാകില്ലെന്നും ആർഎസ്എസ് നേതൃത്വം മുന്നറിയിപ്പ് നൽകി.