ആമസോൺ ഓർഡറുകൾ ഇനി തപാൽ വഴി വീട്ടിലെത്തും; കരാർ ഒപ്പുവെച്ച് ആമസോണും തപാൽ വകുപ്പും

തിരുവനന്തപുരം: അന്താരാഷ്ട്ര ഓൺലൈൻ വ്യാപാര വെബ്‌സൈറ്റായ ആമസോൺ ഓർഡറുകൾ ഇനി തപാൽ വഴിയും ലഭ്യമാകും. ഓർഡർ ചെയ്യുന്ന സാധനങ്ങൾ പോസ്റ്റ് ഓഫീസ് വഴി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആമസോണും തപാൽ വകുപ്പും തമ്മിൽ കരാർ ഒപ്പിട്ടു. നേരത്തെ തന്നെ രാജ്യത്ത് ആമസോൺ നടത്തുന്ന ഇടപാടുകൾ ഏറെയും തപാൽ വകുപ്പ് വഴിയാണ് നടത്തിയിരുന്നത്. പുതിയ കരാർ ഒപ്പ് വെച്ചതോടെ ഓർഡറുകൾ പൂർണമായും തപാൽ വകുപ്പിലൂടെ തന്നെ വിതരണം ചെയ്യാനാണ് ആമസോൺ അധികൃതരുടെ തീരുമാനം. തപാൽ വകുപ്പ് പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതോടെയാണ് ആമസോൺ അടക്കമുള്ള വ്യാപാര കമ്പനികളുമായി സഹകരിക്കാനുള്ള അവസരം ഒരുങ്ങിയത്.

ഇതിനോടകം നിരവധി കമ്പനികളുമായി തപാൽ വകുപ്പ് കരാറിൽ എത്തിക്കഴിഞ്ഞു. തപാൽ വകുപ്പുമായി കരാർ ഒപ്പിട്ടതോടെ ആമസോണിന് ഉപഭോക്താക്കൾക്കിടയിലുള്ള വിശ്വാസീയത വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.

നിലവിൽ ഓൺലൈൻ ആയി വാങ്ങുന്ന സാധനങ്ങൾ വിവിധ കൊറിയർ സർവീസുകളിലൂടെയാണ് ഉപഭോക്താക്കളിൽ എത്തിക്കുന്നത്. ഉപഭോക്താക്കൾ ആമസോണിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ പോസ്റ്റ്മാന്മാരുടെ സഹായത്തോടെ വീടുകളിൽ എത്തിക്കുകയാണ് തപാൽ വകുപ്പ് ചെയ്യുക. പുതിയ കരാറുകളും സംവിധാനങ്ങളും വരുന്നതിന് മുന്നോടിയായി പോസ്റ്റ് ഓഫീസുകളിൽ കൂടുതൽ സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. തപാൽ ഓഫീസുകളിൽ എത്തുന്ന സാധനങ്ങൾ സംഭരിക്കുന്നതിന് വേണ്ടി പ്രത്യേക സംവിധാനവും എർപ്പെടുത്തുന്നുണ്ട്.