കാര്യവട്ടം ഏകദിനം: വിന്‍ഡീസ് 104 ന് പുറത്ത്; ഇന്ത്യക്ക് മികച്ച തുടക്കം

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസ് 104 റണ്‍സിന് പുറത്തായി. 31.5 ഓവറിലാണ് വിന്‍ഡീസ് പുറത്തായത്.  മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ധവാൻ്റെ വിക്കറ്റ് നഷ്ടമായി.

കീരൻ പവൽ (0), റോവ്മൻ പവൽ (16), ഷായ് ഹോപ്പ് (0), മർലൻ സാമ്വൽസ് (24), ഹെറ്റ്മെയർ (9), ക്യാപ്റ്റൻ ജേസൺ ഹോൾഡർ (25), അല്ലൻ (4) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിലെ നഷ്ടമായി. ആദ്യ ഓവറിലെ നാലാം പന്തില്‍ കീറോണ്‍ പവലിനെ(0) ധോണിയുടെ കൈകളിലെത്തിച്ച ഭുവനേശ്വര്‍കുമാറാണ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.    കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ ഹെറ്റ്‌മെറിന്റെയും ഷായി ഹോപ്പിന്റെയും വികറ്റുകൾ നഷ്ടമായത് വിന്‍ഡീസിന് തിരിച്ചടിയായി.

ആക്രമിച്ച് കളിച്ച മര്‍ലോണ്‍ സാമുവല്‍സിനെ പുറത്താക്കി  രവീന്ദ്ര ജഡേജ വിന്‍ഡീസിന് കനത്ത തിരിച്ചടി നല്‍കി. 38 പന്തില്‍ 24 റണ്‍സെടുത്ത സാമുവല്‍സിനെ ജഡേജ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. വ്യക്തിഗത സ്‌കോര്‍ 16ല്‍ നില്‍ക്കേ റോമനെ പേസര്‍ ഖലീല്‍ അഹമ്മദും പുറത്താക്കിയതോടെ വിന്‍ഡീസ് കൂട്ടത്തകര്‍ച്ചയിലായി. വാലറ്റത്തെ ബാറ്റിംഗ് പ്രതീക്ഷയായ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ(25) ഖലീല്‍ അഹമ്മദ് കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ചതോടെ വിന്‍ഡീസിന്റെ അവസാന പ്രതീക്ഷയും നഷ്ടമായി. ഇന്ത്യക്കുവേണ്ടി ജഡേജ നാല് വിക്കറ്റുകൾ നേടി.