ശബരിമല യുവതി പ്രവേശനം; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമലയിൽ യുവതി പ്രവേശനത്തിൽ തൽസ്ഥിതി തുടരാൻ നിർദേശിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി . പുന:പ്പരിശോധനാ ഹർജികളിൽ അന്തിമ തീരുമാനം ആവും വരെ പ്രവേശനം തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സുപ്രീം കോടതി വിധി തടയാന്‍ ഹൈക്കോടതിയ്ക്ക് ആകില്ല. ആ വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനം തടയാനാകില്ല. രക്തചൊരിച്ചില്‍ ഉണ്ടാക്കാനല്ല തടയാനാണ് നിയമങ്ങള്‍ എന്നും ഹൈക്കോടതി വ്യക്തമാക്കി.

പുന:പ്പരിശോധനാ ഹർജികളില്‍ വിധി വരുന്നത് വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി ആയതിനാൽത്തന്നെ ഉത്തരവ് നടപ്പാക്കുന്നത് തടയാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.വേണമെങ്കില്‍ ഹർജിക്കാരന്‌ സുപ്രിം കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. സംസ്ഥാന സർക്കാർ നടപടികളെ പിന്തുണച്ച്  ഹൈക്കോടതി ശക്തമായ നിലപാടെടുത്തതോടെ സ്വകാര്യ ഹർ‍ജി പിൻവലിച്ചു.