യുഎഇയില്‍ കനത്ത മഴ തുടരുന്നു; അധികൃതർ ജാഗ്രതാ നിർദേശം നൽകി

അബുദാബി: വരും ദിവസങ്ങളിലും യുഎഇയില്‍ കനത്ത മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തണുപ്പുകാലത്തിനു മുന്നോടിയായുള്ള പ്രതിഭാസമാണിതെന്നും രാജ്യത്ത് ഉഷ്ണകാലം അവസാനിച്ചുവെന്നും അധികൃതരുടെ അറിയിപ്പ്‌ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയിൽ പലയിടങ്ങളിലും ശക്തമായ ഇടിമിന്നലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫുജൈറ തുറമുഖത്ത് 24 മണിക്കൂറിനിടെ 102.8 മില്ലീമീറ്റർ മഴ ലഭിച്ചു. 1977നുശേഷം ആദ്യമായാണ് രാജ്യത്ത്‌ ഇത്രയും കനത്ത മഴ ലഭിക്കുന്നത്.

മലയോരങ്ങൾ, താഴ്ന്ന മേഖലകൾ, നദികൾ എന്നിവിടങ്ങളിൽനിന്നു പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.  ചെങ്കടിൽ രൂപപ്പെട്ട ന്യൂനമർദം സൗദിയുടെ വടക്ക് മധ്യഭാഗങ്ങളിലൂടെ യുഎഇയുടെ വടക്കൻ എമിറേറ്റുകളിലേക്ക് നീങ്ങിയതാണ് ഇടിയോടുകൂടിയ ശക്തമായ കാറ്റും മഴയും അനുഭപ്പെടാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മഴയുള്ള സമയത്ത് വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.