അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഷാര്‍ജയിൽ തുടക്കമായി

ഷാര്‍ജ: മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് തുടക്കമായി. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 37-ാമത് മേള ഉദ്ഘാടനം ചെയ്തു. 2019ല്‍ ഷാര്‍ജയെ ലോക പുസ്തക തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനവും ചടങ്ങിൽ നടന്നു. അക്ഷരങ്ങളുടെ കഥ എന്ന് പേരിട്ടിരിക്കുന്ന മേള നവംബര്‍ 10 വരെ നീണ്ടുനില്‍ക്കും.

77 രാജ്യങ്ങളില്‍ നിന്നുള്ള 1874 പ്രസാധകര്‍ മേളയില്‍ അണിനിരക്കും. ആകെ 16 ലക്ഷം ടൈറ്റിലുകളിലായി രണ്ട് കോടി പുസ്തകങ്ങളുണ്ടാവും. മലയാളത്തില്‍ നിന്ന് ഒട്ടുമിക്ക പ്രസാധകരുടെയും സാന്നിദ്ധ്യം മേളയിലുണ്ടാവും. ശൈഖ് സുല്‍ത്താന്‍ 1979ല്‍ പുതിയ സാംസ്കാരിക മുന്നേറ്റത്തിന് ആഹ്വാനം ചെയ്തതിന്റെ 40വര്‍ഷം കൂടി കണക്കിലെടുത്താണ് ഷാര്‍ജ അടുത്തവര്‍ഷം ലോക പുസ്തക തലസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്നത്. നവംബര്‍ 10 വരെ 11 ദിവസം ഷാര്‍ജയില്‍ അക്ഷരവസന്തം പൂത്തുനില്‍ക്കും. നിരവധി മലയാളി പ്രമുഖരും ഈ വര്‍ഷം മേളയിലെത്തുന്നുണ്ട്.