അവലോകനയോഗത്തിനിടെ ഇറങ്ങിപ്പോയി: തച്ചങ്കരിക്ക്‌ കടകംപള്ളിയുടെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് തീർഥാടനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച  അവലോകനയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ ടോമിന്‍ ജെ. തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഓൺലൈൻ ബുക്കിംഗുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കെഎസ്ആര്‍ടിസി എംഡി കൂടിയായ തച്ചങ്കരി ഇറങ്ങിപ്പോയത്. ഇതോടെ തിരക്കുള്ളവർ യോഗത്തിലേക്ക് വരേണ്ടിയിരുന്നില്ലെന്നും ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല ക്ഷേത്രത്തിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു യോഗം. മണ്ഡല തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. ദർശനത്തിന് എത്തുന്നവർക്ക് ഒരു ആശങ്കയും വേണ്ടന്ന് യോഗത്തില്‍ ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. ഇന്നലെ മാത്രം 35,000 പേർ പൊലീസിന്‍റെ പോർട്ടൽ വഴി ദർശനം മുൻകൂട്ടി ബുക്ക് ചെയ്തുവെന്നും ഡിജിപി അറിയിച്ചു. യോഗത്തിലേക്ക് നേരത്തെ ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും മന്ത്രിമാരാരും എത്തിയിരുന്നില്ല. ഇതോടെ യോഗത്തില്‍ നിന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വിട്ട് നിന്നിരുന്നു.