കേന്ദ്രത്തിന് തിരിച്ചടി: റഫാൽ ഇടപാടിൽ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് സുപ്രീംകോടതി

ഡൽഹി: റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ വിലയും മറ്റ് തന്ത്രപ്രധാനവിവരങ്ങളും മുദ്രവച്ച കവറിൽ പത്ത് ദിവസത്തിനകം ഹാജരാക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗബഞ്ചാണ് നിർദേശം നൽകിയത്.

വില വിവരങ്ങളും സാങ്കേതിക വിവരങ്ങളും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ മുദ്ര വച്ച കവറിൽ പത്ത് ദിവസത്തിനകം സുപ്രീംകോടതിയിൽ സമർപ്പിക്കണം റഫാൽ ഇടപാടിൻറെ നടപടിക്രമങ്ങളും സർക്കാർ സുപ്രീംകോടതിയെ ധരിപ്പിക്കണം. ഒഫീഷ്യൽ സീക്രട്ട്‌സ് ആക്റ്റ് അനുസരിച്ച് വെളിപ്പെടുത്താനാകാത്ത രേഖകളാണ് ഇത്തരത്തിൽ മുദ്ര വച്ച കവറിൽ കോടതിയിൽ നൽകേണ്ടതായുള്ളത്. വിവരങ്ങൾ നൽകാത്ത പക്ഷം അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണം. ഇടപാടിൽ സി.ബി.ഐ അന്വേഷണത്തിന് കാത്തിരിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു.

ഫ്രാൻസുമായുള്ള കരാറിൽ സ്വീകരിച്ച തീരുമാനങ്ങൾ മാത്രം പരിശോധിക്കാനായിരുന്നു കോടതി ആദ്യം തീരുമാനിച്ചിരുന്നത്. ഇതുസംബന്ധിച്ച് സർക്കാർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കൂടുതൽ വിവരങ്ങൾ സമർപ്പിക്കാനുള്ള നിർദ്ദേശം നൽകിയത്. അതേസമയം, ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിധിയിൽ പെടുന്ന് വിഷയമായതിനാൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ എതിർപ്പ് പ്രകടിപ്പിച്ചു. പാർലമെൻറിൽ പോലും ഈ വിശദാംശങ്ങൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം  കോടതിയിൽ പറഞ്ഞു. കേസ് ഇനി നവംബർ 14 ന് വീണ്ടും പരിഗണിക്കും.