ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതി: തുഷറിനെതിരെ നടപടി തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തുഷാര്‍  നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി പറഞ്ഞു. അനധികൃതമായി രണ്ട് ഉദ്യോഗസ്ഥരെ ദേവസ്വം ബോര്‍ഡിന്റെ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചുവെന്നാണ് കേസ്.

വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ ദേവസ്വം നിയമനത്തില്‍ അഴിമതി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കോടതി അനുമതി തേടിയിരിക്കുകയാണ് വിജിലന്‍സ്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി.വി ചന്ദ്രമോഹന്‍ അടക്കമുള്ളവരെ പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയമനം നടത്തിയ കാലത്ത് ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.