പ്രവാസി ചിട്ടി: മലയാളികള്‍ക്ക് ഇനിമുതൽ വരിസംഖ്യ അടച്ചു തുടങ്ങാം

ദുബായ്‌: ഗള്‍ഫിലുള്ള  മലയാളികള്‍ക്ക് ഇനിമുതൽ പ്രവാസി ചിട്ടിയില്‍ വരിസംഖ്യ അടച്ചു തുടങ്ങാമെന്ന്‌ കെ എസ് എഫ് ഇ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിമാസം ആയിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അടവു വരുന്ന ചിട്ടികളാണ് പ്രവാസി ചിട്ടിയിലുള്ളത്. ഒരു മാസത്തിനകം ആദ്യലേലം നടക്കും. 25, 30, 40, 50 മാസങ്ങളായിരിക്കും ചിട്ടിയുടെ കാലാവധി. ചിട്ടിയില്‍ ചേരുന്നതിലൂടെ പ്രവാസികള്‍ക്ക് സമ്പാദ്യം ഉറപ്പാക്കുന്നതിനോടൊപ്പം നവകേരള നിര്‍മാണ പ്രക്രിയയില്‍ തങ്ങളുടെ താല്‍പര്യാനുസരണം ഭാഗഭാക്കാവുന്നതിനും അവസരം ലഭിക്കുന്നു.

തുടക്കത്തില്‍ യു എ ഇ യിലുള്ളവർക്ക്‌ മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. ഇപ്പോൾ മറ്റു ജി സി സി രാജ്യങ്ങളിലുള്ളവര്‍ക്കും കസ്റ്റമര്‍ രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കെ വൈ സി പ്രക്രിയകളും ചിട്ടി രജിസ്ട്രേഷനും പണമടക്കലും, ലേലം വിളിയും സെക്യൂരിറ്റി നല്‍കലുമൊക്കെ ഓണ്‍ലൈനില്‍കൂടി ആയതിനാല്‍ വളരെ എളുപ്പത്തില്‍ നടപടികൾ പൂര്‍ത്തീകരിക്കുവാന്‍ ഉപഭോക്താക്കള്‍ക്കു കഴിയും.