കിട്ടാക്കടം വര്‍ധിക്കാന്‍ കാരണം റിസര്‍വ് ബാങ്കാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശനം; ഉര്‍ജിത് പട്ടേല്‍ രാജി വച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി :  കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വച്ചേക്കുമെന്ന് സൂചന. കിട്ടാക്കടം വര്‍ധിക്കാന്‍ കാരണം റിസര്‍വ് ബാങ്കാണെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലൊയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്.

അതേസമയം റിസര്‍വ് ബാങ്ക് പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടാന്‍ അവകാശം നല്‍കുന്ന ഏഴാം ചട്ടം കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് രാജി തീരുമാനം എന്നും പറയപ്പെടുന്നുണ്ട്‌. ചരിത്രത്തില്‍ ആദ്യമായാണ് ഈ ചട്ടം ഉപയോഗിക്കപ്പെടുന്നത്. ഇത്പ്രകാരം കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാം. 1991 ലെയും 2008ലെയും പ്രതിസന്ധി സമയത്ത് പോലും ഏഴാം ചട്ടം സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നില്ല.