ശബരിമല : മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ദക്ഷിണേന്ത്യന്‍ മന്ത്രിമാരെത്തില്ല

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ ആരും എത്തില്ല. പകരം സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ മാത്രം എത്തുന്നതായാണ് വിവരം. ഇതിനെതുടര്‍ന്ന് മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കില്ല. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്.

ഇന്ന് രാവിലെ പത്തരക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി യോഗം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും മന്ത്രിമാരെത്താത്തതിനാല്‍ മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തില്ലെന്ന് ഓഫീസ് ദേവസ്വം ബോർഡ് അധികൃതരെ അറിയിച്ചതായാണ് വിവരം.  ഇവരുടെ അഭാവത്തില്‍ സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാകും യോഗം നിയന്ത്രിക്കുക.