യുഎഇ പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്നുവരെ നീട്ടി

അബുദാബി: ഓഗസ്റ്റ് ഒന്നു മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്നുവരെ നീട്ടി യുഎഇ ഭരണകൂടം. ഇത് സംബന്ധിച്ച് യുഎഇ ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി. ഓഗസ്റ്റ് ഒന്നു മുതലാണ്‌ പൊതുമാപ്പ് പ്രഖ്യാപിച്ചിരിന്നത്.

അനധികൃത കുടിയേറ്റക്കാർ ഇൗ മാസം 31 ന് മുമ്പ് രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന്‌ അഭ്യർത്ഥിച്ചുകൊണ്ടാണ്‌ യുഎഇ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കായി ഇതുവരെ 656 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും ഹ്രസ്വ കാലാവധിയുള്ള 275  പാസ്പോര്‍ട്ടുകളും അനുവദിച്ചിട്ടുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡന്‍ നവദ്വീപ് സിങ് സുരി അറിയിച്ചു.

പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുകയില്ലെന്ന് അധികൃതര്‍ നേരത്തെ  അറിയിച്ചിരുന്നെങ്കിലും കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് വിവിധ രാജ്യങ്ങളുടെ എംബസികളും ഉദ്ദ്യോഗസ്ഥരും ഔദ്ദ്യോഗികമായി യുഎഇ ഭരണകൂടത്തോട്  അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് യുഎഇ സർക്കാരിന്റെ തീരുമാനം.