പതിവ് തെറ്റിച്ച് കൃഷ്ണകുമാർ നടന്നത് റോഡിന്റെ വലത് വശത്തുകൂടെ; ഭാര്യ സുജാതയുടെ ക്വട്ടേഷൻ പൊളിഞ്ഞത് തലനാരിഴയ്ക്ക്

തൃശ്ശൂർ:  ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യ കൊട്ടേഷൻ നൽകിയെന്ന വാർത്തയുടെ ഞെട്ടലിലാണ് തൃശ്ശൂരിലെ തിരൂരെന്ന ഗ്രാമം. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ഭർത്താവിനെ കാറിടിച്ച് കൊലപ്പെടുത്താനായിരുന്നു സുജാതയുടെ പദ്ധതി. അതിനായി കാമുകൻ സുരേഷ് ബാബുവിന്റെ സഹായത്തോടെ ക്വട്ടേഷനും ആസൂത്രണം ചെയ്തു. മക്കളെ സ്‌കൂളിൽ വിടാൻ സുജാത പോകാറുണ്ടായിരുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് സുരേഷ് ബാബു. തുടർന്ന് സുരേഷ് ബാബുവുമായി അടുപ്പത്തിലായ സുജാത കാമുകനുമായി ജീവിക്കാൻ ഭർത്താവൊരു തടസ്സമാകുമെന്ന് കണ്ടപ്പോൾ കൊല്ലാൻ തന്നെ തീരുമാനിക്കുകയായിരുന്നു. എന്നാൽ കൊലപാതക ശ്രമത്തിൽ നിന്ന് ആയുസ്സിന്റെ ബലം കൊണ്ട് കൃഷ്ണകുമാർ രക്ഷപ്പെട്ടു. അതോടെ കാമുകനൊത്ത് ജീവിക്കാനുള്ള സുജാതയുടെ ആഗ്രഹവും അസ്ഥാനത്തായി.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവങ്ങളുടെ തുടക്കം. വയനാട്ടിൽ തോട്ടം പാട്ടത്തിനടുത്ത് കൃഷി ചെയ്യുന്ന കൃഷ്ണകുമാറിനെ തതിരൂരിൽ വെച്ച് വാഹനമിടിച്ചിരുന്നു. വയനാട്ടിലേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയ വഴിയിലാണ് അപകടം സംഭവിച്ചത്. വഴിയരികിലൂടെ നടന്നു പോകുമ്പോൾ തന്‌റെ മുന്നിൽ വലതുവശത്തായി ഒരു കാർ നിർത്തിയിട്ടിരുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു. കാറിനെ കടന്നു പോയപ്പോൾ വണ്ടി തനിക്ക് നേരെ തിരിക്കുന്നതും കണ്ടു. കൃഷ്മകുമാറിന് എന്തോ പന്തികേട് തോന്നി. തൊട്ടടുത്ത നിമിഷം കൃഷ്ണകുമാറിനെ ഇടിച്ച് വീഴ്ത്തി കാർ കടന്നുപോയി. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കൃഷ്മകുമാറിന് തോളെല്ലിനും കാലിനും പരിക്കേറ്റിരുന്നു.

സംഭവ ശേഷവും കൃഷണകുമാറിന് അപകടത്തിൽ സംശയമുണ്ടായിരുന്നു. നിർത്തിയിട്ടിരുന്ന കാർ തനിക്ക് നേരെ തിരിച്ചതും വഴിയരികിലൂടെ നടന്ന് പോയ തന്നെ ഇടിച്ചതും മനപ്പൂർവ്വമല്ലേ എന്നും സംശയം പ്രകടിപ്പിച്ചു. എന്നാൽ സ്‌നേഹ സമ്പന്നയായ ഭാര്യ സുജാതയാകട്ടെ പരാതിക്കൊന്നും പോകണ്ടെന്ന് ഇടയ്ക്കിടെ നിർബന്ധിച്ച് കൊണ്ടുമിരുന്നു. സുജാതയും സുരേഷ്ബാബുവും തമ്മിൽ അടുപ്പമുള്ള വിവരം കൃഷ്ണകുമാറിന് അറിയാമായിരുന്നു. അതോടെ കൃഷ്ണകുമാറിന്റെ സംശയവും ബലപ്പെട്ടു. സംഭവത്തിന്റെ സ്ത്യവസ്ഥ അറിയാൻ തന്നെ തീരുമാനിച്ചു. പ്രഭാത നടത്തത്തിന് പോകുന്നവരുടെ സഹായത്തോടെ വണ്ടി നമ്പർ സംഘടിപ്പിച്ച കൃഷ്ണകുമാർ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. വണ്ടിയുടെ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ വണ്ടി തൃശൂർ വടക്കാഞ്ചേരി സ്വദേശി ഓമനക്കുട്ടന് വാടകയ്ക്കു കൊടുത്തെന്നായിരുന്നു മറുപടി. പൊലീസ് അന്വേ,ണത്തിൽ ക്രമിനൽ കേസിലെ പ്രതിയാണ് ഓമനക്കുട്ടനെന്നും തെളിഞ്ഞു. പിന്നെല്ലാം പെട്ടെന്നായിരുന്നു. ഓമനക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദിക്കേണ്ട പോലെ ചോദിച്ചപ്പോൾ ഓമനക്കുട്ടൻ കാര്യങ്ങളൊക്കെ വിസ്തരിച്ച് പറഞ്ഞു. എല്ലാം തുറന്ന് പറഞ്ഞതോടെ കൂട്ടാളികളായ ഷറഫുദ്ദീൻ, മുഹമ്മദലി, ശരതും എന്നിവരും പൊലിസ് പിടിയിലായി.

മിണാലൂർ സ്വദേശിയായ സുരേഷ്ബാബുവാണ് ക്വട്ടേഷൻ നൽകിയതെന്നും നാലു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നതായും ഓമനക്കുട്ടൻ പറഞ്ഞു. അഡ്വാൻസായി പതിനയ്യായിരം രൂപ കൈപറ്റുകയും ചെയ്തു. കൃത്യം നടപ്പാക്കുന്നതിന് കൃഷ്ണകുമാറിനെക്കുറിച്ചുള്ള വിവരങ്ങളും സുരേഷ് ബാബു കൈമാറി. അങ്ങനെ രാവിലെ വയനാട്ടിലേക്ക് പോകുന്നതിനിടെ വാഹനമിടിച്ച് കൊല്ലാനും പദ്ധതിയിട്ടു. പുലർച്ചെ കൃഷ്ണകുമാർ വരുന്നതും കാത്ത് ക്വട്ടേഷൻ സംഘം കാറുമായി റോഡിൽ കാത്തുനിന്നു. ഭർത്താവ് വീട്ടിൽ നിന്നിറങ്ങിയപ്പോൾ സുജാത കാമുകനെ വിവരമറിയിച്ചു. കാമുകൻ ക്വട്ടേഷൻ സംഘത്തേയും.

വീടിനു സമീപത്തെ റോഡിലിറങ്ങിയാൽ ഇടതുവശം ചേർന്നു നടക്കുമെന്ന് കരുതിയ ക്വട്ടേഷൻ സംഘത്തിന് തെറ്റി. ഇടതുവശം ചേർന്നു നടക്കാറുള്ള കൃഷ്ണകുമാർ പതിവ് തെറ്റിച്ച റോഡിന് കുറുകെ വലത് വശത്തേക്ക് നടന്നു. ഇതോടെ കാർ കൃഷ്ണകുമാറിന് നേരെ തിരിക്കുകയായിരുന്നു. രാവിലെ ആളുകൾ നടക്കാനിറങ്ങുന്നതിനാൽ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുന്നതിന് മുമ്പ് തന്നെ ക്വട്ടേഷൻ സംഘം കൃഷ്ണകുമാറിനെ ഇടിച്ച് തെറിപ്പിച്ച് കടന്നു കളയുകയായിരുന്നു. എന്നാൽ തലനാരിഴയ്ക്ക് കൃഷ്ണകുമാറിന് ജീവൻ തിരിച്ച് കിട്ടിയതോടെ സുജാതയുടെയും കാമുകന്റെയും സ്വപ്‌നങ്ങൾ വെള്ളത്തിൽ വരച്ച വര പോലെയായി.

പൊലീസിനൊപ്പം വീട്ടിലെത്തിയ ഭർത്താവിനോട് സുജാത പറഞ്ഞു, ‘ചേട്ടാ… തെറ്റുപറ്റിപ്പോയി മാപ്പ് തരണം’. ‘നിന്നെ ഇത്രയും സ്‌നേഹിച്ചിട്ടും എന്നെ കൊല്ലാൻ നീ പറഞ്ഞില്ലേ’ കൃഷ്ണകുമാറിന്റെ മറുപടിയിൽ കണ്ട് നിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
.