അമിത് ഷായുടെ കണ്ണൂർ പ്രസംഗം; രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ ഹർജി

ഡൽഹി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിയെ വിമർശിച്ച അമിത് ഷായ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ ഹർജി. ബിഹാർ സീതമർഹിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സാമൂഹിക പ്രവർത്തകൻ ഥാക്കൂർ ചന്ദൻ സിംഗാണ് ഹർജി നൽകിയത്.

ഹർജി നവംബർ 6 ന് പരിഗണിക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരോജ് കുമാരി തീരുമാനിച്ചു. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് കണ്ണൂരിൽ അമിത് ഷാ നടത്തിയ പ്രസംഗം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതും രാജ്യത്തെ ഫെഡറൽ വ്യവസ്ഥയ്ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ലോക്സഭാ തെരെഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് അമിത് ഷായുടെ പ്രസംഗം എന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ 120 ബി, 295 എന്നി വകുപ്പുകൾ പ്രകാരം കേസ് എടുക്കണം എന്നാണ് ആവശ്യം.