ഇത് അയ്യങ്കാളിയുടെയും ശ്രീനാരായണ ഗുരുവിന്‍റെയും മണ്ണ്; അമിത് ഷായുടെ ആഗ്രഹത്തിന് പറ്റിയ മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി

കൊച്ചി: അയ്യങ്കാളിയും ശ്രീനാരായണ ഗുരുയും അടക്കമുള്ള നവോത്ഥാന നായകൻമാരുടെ പിൻമുറക്കാരുടെ മണ്ണാണ് കേരളം. അമിത് ഷാ പലയിടത്തും പലതും നടത്തിയെന്ന് കേട്ടിട്ടുണ്ട്.  എന്നാല്‍ അങ്ങനെയുള്ള മണ്ണല്ല ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എൽഡിഎഫ് ജനകീയ റാലി കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാരിനെ വലിച്ചു താഴെയിടുമെന്നാണ് ബിജെപി അധ്യക്ഷൻ അമിത്ഷാ പറഞ്ഞത്. അദ്ദേഹത്തിന് പല ആഗ്രഹങ്ങളും കാണും. ചിലയിടത്ത് അത് നടത്തിയതായും കേട്ടിട്ടുണ്ട്. വലിച്ചു താഴെയിടാൻ ഈ സർക്കാരിനെ ആരെങ്കിലും ഉരുട്ടിപ്പെരട്ടി കൊണ്ടു വച്ചതല്ലെന്നും പിണറായി പറഞ്ഞു. അമിത്ഷായുടെ വാക്കുകൾ കേട്ട് ഇവിടെ സമാധാനം തകർക്കാൻ സംഘപരിവാറുകാർ ഇറങ്ങിയാൽ അതിന്‍റെ ഫലം അവർ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസികള്‍ക്ക് ഒരാശങ്കയും വേണ്ടന്നും എല്ലാ സുരക്ഷയും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ശബരിമലക്ക് വേണ്ടി ചിലവഴിച്ച തുക മറ്റൊരു സര്‍ക്കാരും നല്‍കാത്തതാണ്. ദേവസ്വംബോര്‍ഡിന്റെ പണം സര്‍ക്കാരിന്റെ പൊതുഖജനാവിലേക്ക് എടുക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമവാഴ്ച ഉള്ള സംസ്ഥാനത്തു അക്രമം പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് പൊലീസ് അക്രമികളെ പിടികൂടും. ശബരിമലയെ കലാപ ഭൂമി ആക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഒരു കാരണവശാലും അതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.