സാലറി ചലഞ്ച്: സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതി തള്ളി

ഡൽഹി: സാലറി ചലഞ്ചിൽ സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയാത്ത ഉദ്യോഗസ്ഥർ വിസമ്മതപത്രം നൽകണമെന്ന സർക്കാർ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി വിധിയ്‌ക്കെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീൽ തള്ളിയ സുപ്രീംകോടതി സംഭാവന കിട്ടിയ പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് വിനീത് സരൺ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
ജനങ്ങളുടെ വിശ്വാസം നേടേണ്ടത് സർക്കാരിൻറെ ഉത്തരവാദിത്തമാണ്. ശമ്പളം നൽകാൻ സമ്മതം ഉള്ളവർ സർക്കാരിനെ അറിയിച്ചാൽ മതി. വിസമ്മതപത്രം നൽകണമെന്നത് ഒരു വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തിയാണെന്നും ഇത്തരമൊരു വ്യവസ്ഥ അംഗീകരിക്കാൻ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
താനും ജസ്റ്റിസ് വിനീത് ശരണും കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ ഇരുപത്തയ്യായിരം രൂപ സംഭാവന നൽകിയതാണെന്നും എന്നാൽ ഈ തുക എന്തിന് വിനിയോഗിക്കുന്നുവെന്ന് അറിയില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. സർക്കാർ പിരിച്ച തുക വകമാറ്റി ചെലവഴിച്ച വിവരം തൻറെ ചേംബറിലേയ്ക്ക് വന്നാൽ വിശദമായി പറഞ്ഞുതരാമെന്നും ജസ്റ്റിസ് അരുൺ മിശ്ര അഭിഭാഷകരോട് പറഞ്ഞു. നിർബന്ധിച്ച് വിസമ്മതപത്രം വാങ്ങിയ്ക്കുന്ന തരത്തിലല്ല സർക്കാർ പ്രവർത്തിയ്‌ക്കേണ്ടതെന്ന് ജസ്റ്റിസ് വിനീത് ശരണും അഭിപ്രായപ്പെട്ടു. ഇതേത്തുടർന്നാണ് സംസ്ഥാനസർക്കാരിൻറെ അപ്പീൽ തള്ളുന്നതായി കോടതി വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ എൻജിഒ അസോസിയേഷനാണ് ആദ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. അടിയന്തരമായി ഇടക്കാല ഉത്തരവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു