അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍

കാസര്‍ഗോഡ്: അമിത്ഷായുടെ വലിച്ച് താഴെയിടൽ’ വിവാദം കത്തി നില്ക്കുന്ന സാഹചര്യത്തിൽ  അമിത്ഷായുടെ പരാമര്‍ശത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. കേരളത്തിൽ അയ്യപ്പ വിശ്വാസികളെ അടിച്ചമർത്തുന്ന നിലപാടുമായി പിണറായി സർക്കാർ മുന്നോട്ട് പോയാൽ സർക്കാരിനെ വലിച്ചു താഴെയിടുമെന്ന്‌ അമിത്ഷാ കണ്ണൂർ പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ കേരള സര്‍ക്കാരിനെ വലിച്ച് താഴെ ഇറക്കാന്‍ അമിത് ഷായുടെ തടി പോര എന്ന മറുപടിയുമായി മുഖ്യമന്ത്രി ഇന്നലെ രംഗത്തെത്തിയിരുന്നു.

ഈ വിഷയത്തിൽ പുതിയ വിശദീകരണവുമായി വന്നിരിക്കുകയാണ് ബിജെപി നേതാവ് കെ.സുരേന്ദ്രൻ “വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനർത്ഥം ഫിസിക്കലി കസേരയിൽ നിന്ന് വലിച്ചിടുമെന്നല്ല. അധികാരത്തിൽ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ത്രിപുരയിൽ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കിൽ കേരളത്തിൽ അതൊരു പ്രശ്‌നമേ അല്ല.” വിവാദത്തിന്റെ പൊരുൾ വ്യക്തമാക്കി കെ.സുരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍പിള്ളയടക്കമുള്ളവര്‍  ‘വലിച്ച് താഴെയിറക്കല്‍’ പരാമര്‍ശത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് സുരേന്ദ്രന്‍ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനർത്ഥം ഫിസിക്കലി കസേരയിൽ നിന്ന് വലിച്ചിടുമെന്നല്ല. അധികാരത്തിൽ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ത്രിപുരയിൽ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കിൽ കേരളത്തിൽ അതൊരു പ്രശ്നമേ അല്ല. അമിത് ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുക പിണറായി വിജയൻ. ഞങ്ങൾ റെഡി. ഇനി ഗോദയിൽ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ.