അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി

ഡൽഹി: സുപ്രിംകോടതിയിൽ അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. തർക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകൾ ഉൾപ്പെടെ പതിനാറ് ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

ഇന്നുമുതൽ അന്തിമവാദം കേൾക്കാമെന്ന് പഴയ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. അന്നത്തെ മൂന്നംഗ ബെഞ്ചിൽ ഉണ്ടായിരുന്ന ദീപക് മിശ്ര വിരമിച്ചതിന് പിന്നാലെ ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഒഴിവാക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയ നേട്ടത്തിനായി കേസ് ഉപയോഗിക്കുന്നതിനാൽ തെരഞ്ഞെടുപ്പിനു ശേഷം വാദം കേട്ടാൽ മതിയെന്നായിരുന്നു മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ ആവശ്യം. കേസ് ഉടൻ തീർപ്പാക്കണമെന്ന് കേന്ദ്രസർക്കാറും ഉത്തർപ്രദേശ് സർക്കാറും പഴയ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുക.