പൊതുമരാമത്ത് വകുപ്പിന്റെ മോശം പ്രകടനം ജനകീയ ‘പ്രോഗ്രസ് കാർഡിൽ’ 50 ൽ താഴെ മാർക്ക്‌

പാലക്കാട്: ജനകീയ ‘പ്രോഗ്രസ് കാർഡിൽ’ പൊതുമരാമത്ത്, കുടുംബക്ഷേമ വകുപ്പുകൾക്ക്‌ അൻപതിൽ താഴെ മാർക്ക്‌. സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നടപ്പാക്കിയ ഓൺലൈൻ പ്രോഗ്രസ് റിപ്പോർട്ടിലാണ്‌ 100ൽ അൻപതിൽ താഴെ മാത്രം മാർക്ക്‌ ലഭിച്ച പൊതുമരാമത്ത് വകുപ്പ്‌ റോഡിലെ കുഴികളിലാണു വീണത്. ഐടി, ഫിഷറീസ്, സാംസ്‌കാരിക വകുപ്പുകൾക്കു നൂറിൽ 100 മാർക്ക് ലഭിച്ചു. കഴിഞ്ഞ വർഷമാണു സർക്കാർ വെബ്‌സൈറ്റ് മുഖേന മാർക്കിടുന്ന സംവിധാനം നടപ്പാക്കിയത്.

ഇതുവരെ 4 ലക്ഷം പേർ ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.  മറ്റ് മേഖലകളുടെ മാർക്കുകൾ ഇങ്ങനെ ആയുഷ് 85, ടൂറിസം 80, കൃഷി 72, പിന്നാക്ക വികസനം 68, സഹകരണം, വിദ്യാഭ്യാസം 60, ആരോഗ്യം, തദ്ദേശ സ്ഥാപനങ്ങൾ 58. ഉദ്യോഗസ്ഥരുടെ സമീപനം, സേവനലഭ്യത, പരാതി പരിഹരിച്ച സമയം, പദ്ധതിവിനിയോഗം തുടങ്ങി 4 കാര്യങ്ങൾക്കാണു മാർക്കിടേണ്ടത്.  www.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാർക്കിടാം. ഡിസംബറോടെ മുഴുവൻ സർക്കാർ വകുപ്പുകളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തും.