ശബരിമല സ്ത്രീപ്രവേശനം: കോടിയേരിക്ക്‌ എൻഎസ്എസിന്റെ മറുപടി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തിരുത്തേണ്ടത്  സർക്കാർ നിലപാടെന്ന്‌ എന്‍എസ്എസ്  ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തിൽ എൻഎസ്എസ് നിലപാട് തിരുത്തണമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനക്കെതിരെയാണ്‌ സുകുമാരന്‍ നായരുടെ  മറുപടി.

കോടിയേരി ബാലകൃഷ്ണന്റെ ഉപദേശം അപ്രസക്തമാണെന്നും, എൻഎസ്എസിന്റെത് നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചരിത്രമാമാണെന്നും വിശ്വാസസംരക്ഷണവുമായി ഇതിനെ കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം വിശ്വാസികള്‍ക്കൊപ്പം എന്‍എസ്എസ് നില്‍ക്കുമെന്നും സുകുമാരന്‍ നായര്‍.

നവോത്ഥാനമൂല്യങ്ങൾ എൻഎസ്എസ് ഉയർത്തിപ്പിടിക്കണം, മന്നത്ത് പത്മനാഭൻ മുന്നോട്ടുവച്ച  ആശയങ്ങൾക്ക് എതിരാണ് ഇപ്പോഴത്തെ  നിലപാടെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിനെതിരെയാണ്‌ സുകുമാരൻ നായർ രംഗത്ത് വന്നത്‌. ശബരിമല വിഷയത്തിൽ സർക്കാർ നീക്കം അംഗീകരിക്കില്ലെന്നും ഇക്കാര്യം കോടിയേരിയെ അറിയിച്ചിരുന്നുവെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.